Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ താൽക്കാലിക നിയമനം: നടപടി അറിയിക്കണമെന്ന് കോടതി

കൊച്ചി ∙ ശബരിമല ക്ഷേത്രത്തിൽ മണ്ഡല– മകരവിളക്കുകാലത്ത് താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കാൻ സ്വീകരിച്ച നടപടിക്രമങ്ങൾ അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. ശബരിമലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ദിവസക്കൂലിക്ക് ആളെ നിയമിച്ചെന്നാരോപിച്ച് ചേർത്തല തുറവൂർ സ്വദേശി ഗോകുൽ ജി. കമ്മത്ത് നൽകിയ ഹർജിയാണ് ദേവസ്വം ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

2,000 അപേക്ഷകരിൽനിന്ന് 1,680 പേരെ താൽക്കാലികമായി നിയമിച്ചെന്ന് ദേവസ്വം ബോർഡ് കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. ഇതിനിടെ, അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് ടി. ജി. മോഹൻദാസ് സമർപ്പിച്ച ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി. ശബരിമല തീർഥാടകർ ലോക്കൽ പൊലീസ് സ്റ്റേഷനിൽനിന്നു പാസ് എടുക്കണമെന്ന നിർദേശം ചോദ്യംചെയ്ത് ട്രാവൽ ഓപ്പറേറ്ററായ എം.എസ്. അനിൽകുമാർ സമർപ്പിച്ച ഹർജി ഇന്നു പരിഗണിച്ചേക്കും.

അതേസമയം, പൊലീസ് നടപടിയിൽ പരുക്കേറ്റതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലെത്തിയ മട്ടാഞ്ചേരി സ്വദേശി സരോജം സുരേന്ദ്രന് അക്രമസംഭവങ്ങളിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നു സർക്കാർ അറിയിച്ചു. പമ്പാ ഗണപതി ക്ഷേത്രപരിസരത്തു ഭജനപാടി ഇരിക്കുമ്പോൾ പൊലീസ് അകാരണമായി നടപടിയെടുത്തുവെന്നാണ് ഹർജിക്കാരിയുടെ ആക്ഷേപം.