Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയ 10 ലക്ഷം പേർക്കു രസീതില്ല

rebuild-kerala

തിരുവനന്തപുരം ∙ പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയ 30 ലക്ഷം പേരിൽ 10 ലക്ഷം പേർക്ക് രസീത് ലഭിച്ചില്ല. ദുരിതാശ്വാസ നിധി പോർട്ടൽ വഴിയല്ലാതെ ബാങ്കുകൾ വഴി നേരിട്ടു സംഭാവന കൈമാറിയവരാണ് മാസങ്ങൾ കഴിഞ്ഞിട്ടും രസീതിനായി കാത്തിരിക്കുന്നത്. സംഭാവന കൈമാറിയവരുടെ വിവരങ്ങൾ ബാങ്കുകളിൽ നിന്നു ലഭിക്കാത്തതിനാലാണ് രസീത് നൽകാൻ കഴിയാത്തതെന്നും പ്രശ്നം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചു വരുകയാണെന്നും ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നവർ വിശദീകരിച്ചു.

ഇതര സംസ്ഥാനങ്ങളും സംഘടനകളും വ്യക്തികളുമായി 30 ലക്ഷത്തോളം പേരുടെ സംഭാവനകളാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ദുരിതാശ്വാസ നിധി സ്വീകരിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നലെ വരെ ആകെ ശേഖരിച്ച തുക 2638 കോടി രൂപ. മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി പണമടയ്ക്കുന്നവർക്ക് അപ്പോൾ തന്നെ ഇമെയിൽ, എസ്എംഎസ് മുഖേന രസീത് നൽകുന്നുണ്ട്. എന്നാൽ, ഓൺലൈനായും ചെക്കായും വോലറ്റുകൾ വഴിയും പണം നൽകിയവരുടെ വിശദാംശങ്ങൾ ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും കൈമാറിയാലേ രസീത് തയ്യാറാക്കാൻ കഴിയൂ.

ഇടപാടുകാരുടെ വിവരങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്ന കാരണത്താൽ സംഭാവന നൽകിയവരുടെ ചില വിശദാംശങ്ങൾ കൈമാറാനാവില്ലെന്ന നിലപാടിലാണ് പല ബാങ്കുകളും. ഇതാണ് രസീത് തയ്യാറാക്കുന്നതിനു പ്രധാന തടസം. ചെക്ക് നമ്പർ, ട്രാൻസാക്‌ഷൻ നമ്പർ, സംഭാവനത്തുക, ഐഎഫ്എസ് കോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തി രസീത് സൃഷ്ടിക്കാൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്ന പരാതിയുണ്ട്.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് 100% ആദായ നികുതി ഇളവുള്ളതിനാൽ ടിഡിഎസ് തയ്യാറാക്കാൻ രസീത് വേണ്ടിവരും. ഇളവുണ്ടെന്ന കാരണത്താൽ മാത്രം സംഭാവന നൽകിയവരും ഒട്ടേറെയുണ്ടാകാം. ഇവർക്കെല്ലാം രസീത് ലഭിക്കാത്തത് തിരിച്ചടിയായി. അതേസമയം, മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ചെക്ക് കൈമാറി അതിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച 125 പേർ നൽകിയത് വണ്ടിച്ചെക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരോട് സംഭാവനത്തുക നൽകാൻ വീണ്ടും ആവശ്യപ്പെടും.

കഴിഞ്ഞ മാസം സംഭാവനയുടെ വരവിൽ കുറവുണ്ടായെങ്കിലും ഇൗ മാസം വീണ്ടും വർധിച്ചിട്ടുണ്ട്. ദിവസേന ശരാശരി 25 കോടി രൂപ വീതം ഇപ്പോൾ സംഭാവനയായി എത്തുന്നുണ്ട്.

related stories