Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യുവതീപ്രവേശം: കുരുക്കഴിക്കാൻ ഇന്ന് സർവകക്ഷിയോഗം

Sabarimala

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സർവകക്ഷി യോഗം ഇന്നു 11നു മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേരാനിരിക്കെ, സർക്കാർ മുൻ നിലപാടിൽ നിന്നു വിട്ടുവീഴ്ച ചെയ്യുമോയെന്നതു നിർണായകം. സർവകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചതും സർക്കാർ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതും ഒത്തുതീർപ്പുനീക്കങ്ങൾക്കു പ്രാധാന്യം നൽകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതും സർക്കാർ അയയുന്നതിന്റെ സൂചനയായി. സമീപനത്തിൽ അയവില്ലെങ്കിൽ പ്രതിപക്ഷം സർവകക്ഷിയോഗം ബഹിഷ്കരിക്കാനുള്ള സാധ്യതയുമുണ്ട്. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തുന്നു എന്നതും പ്രസക്തമാണ്. സർക്കാർ മുൻപ് ശ്രമിച്ചിട്ടും നടക്കാതെ പോയ നിർണായക കൂടിക്കാഴ്ചയാണ് ഇന്നു വൈകിട്ട് 3നു മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്നത്. 

പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തിൽ, യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകാൻ ദേവസ്വം ബോർഡിനെ അനുവദിക്കുക എന്ന പരിഹാരമാർഗമാണ് ശക്തമായി ഉയരുന്നത്. കടുംപിടിത്തം വേണ്ടെന്ന അഭിപ്രായം മന്ത്രിസഭയിൽ തന്നെയുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ യുവതീപ്രവേശം അനുവദിക്കണമെന്നാണു സർക്കാരിനു ലഭിച്ച നിയമോപദേശം. 

പരിഹാരത്തിനു പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന മാർഗങ്ങൾ

∙ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തയാറായതിനാൽ 1991ലെ ഹൈക്കോടതി വിധിയാണു നിലനിൽക്കുന്നതെന്നു വ്യാഖ്യാനിച്ചു ദർശനത്തിനെത്തുന്ന യുവതികളെ തിരികെ അയയ്ക്കാം. യുവതികൾ കോടതിയലക്ഷ്യ നടപടിയിലേക്കു പോയാൽ സർക്കാരിനു ക്ഷമാപണം നടത്തേണ്ടിവരും. 

∙ ക്രമസമാധാന പ്രശ്നങ്ങളും സൗകര്യക്കുറവും മൂലമുള്ള  പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ സാവകാശം തേടുക. 

∙ യുവതികളെ സന്നിധാനത്തെത്തിച്ചേ അടങ്ങൂ എന്ന കടുംപിടുത്ത നിലപാടിനു പകരം പൊലീസ് ഇടപെടൽ ലഘുവാക്കുക. യുവതികളെ പ്രശ്നങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുക. 

∙ ക്രമസമാധാന പ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സിരിജഗൻ കമ്മിഷന്റെ അഭിപ്രായം തേടി ദേവസ്വം ബോർഡിനോടു കോടതിയെ സമീപിക്കാൻ നിർദേശിക്കുക.

സുപ്രീംകോടതി വീണ്ടും; ജനുവരി 22നു തന്നെ

Supreme Court

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ ഉടനെ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഹർജിക്കാരിലൊരാളായ ഷൈലജ വിജയന്റെ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുൻപാകെ ആവശ്യമുന്നയിച്ചത്. ജനുവരി 22ന് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ചിലർക്കു മുതലെടുപ്പ്: െഹെക്കോടതി

Kerala-High-Court-2

കൊച്ചി∙ ശബരിമല വിഷയത്തിൽ തിരശീലയ്ക്കു പിന്നിലിരുന്നു ചിലർ സാഹചര്യം മുതലാക്കാൻ ശ്രമിക്കുമോയെന്ന് ആശങ്കയുണ്ടെന്നു ഹൈക്കോടതിയുടെ പരാമർശം. വാഹന പാസും പരിശോധനയും സുരക്ഷയുടെ ഭാഗമാണെന്നു വാദത്തിനിടെ പറഞ്ഞ കോടതി, കലാപകാരികൾ ശബരിമലയിൽ എത്താനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചും വാക്കാൽ പരാമർശിച്ചു. 

സുപ്രീംകോടതി വിധിയെത്തുടർന്നു, കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ചില ശ്രമങ്ങളുണ്ടെന്നു കോടതി പറഞ്ഞു. വാഹനപാസ് ഏർപ്പെടുത്തുന്നതിൽ പ്രഥമദൃഷ്ട്യാ ബുദ്ധിമുട്ടു തോന്നിയാലും സുരക്ഷാകാര്യം പരിഗണിക്കുമ്പോൾ തെറ്റുപറയാനാവില്ലെന്നു കോടതി വിലയിരുത്തി. 

നട നാളെ തുറക്കും; നിലയ്ക്കലേക്ക് പ്രവേശനം രാവിലെ 11 മുതൽ

Sabarimala-Sannidhanam

മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. ഭക്തർക്കു നാളെ രാവിലെ 11 മുതൽ നിലയ്ക്കലേക്കു പ്രവേശനം അനുവദിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിലയ്ക്കൽ – പമ്പ കെഎസ്ആർടിസി ബസുകൾ ഉച്ചയ്ക്ക് 12 മുതൽ ഓടും. ഡിസംബർ 27നാണ് നട അടയ്ക്കുന്നത്.

സർക്കാർ സംഘർഷം ആഗ്രഹിക്കുന്നില്ല: കോടിയേരി

Kodiyeri Balakrishnan

ശബരിമലയിൽ സംഘർഷം ഒഴിവാക്കിക്കൊണ്ടുള്ള തീർഥാടനമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ടാണു സർക്കാർ ചർച്ചയ്ക്കു തയാറായത്. അതേസമയം വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. സർവകക്ഷി യോഗം സംബന്ധിച്ചു മുൻവിധിയില്ല.

ശബരിമല: ബസ് നിരക്ക് കുത്തനെ കൂട്ടി

മണ്ഡലകാലത്ത് ശബരിമലയിലേക്കുള്ള കെഎസ്ആർടിസി സ്പെഷൽ സർവീസുകൾക്കും നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകൾക്കും നിരക്ക് കുത്തനെ കൂട്ടി. 30% ആണു വർധന. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽനിന്നും പമ്പയിലേക്കുള്ള സർവീസുകൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. നാളെയാണു പ്രാബല്യത്തിൽ വരികയെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പുതിയ നിരക്ക് ഇന്നലെത്തന്നെ ഈടാക്കിത്തുടങ്ങി. 

sabarimala-bus