Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടിയതല്ലേ, വൈകേണ്ടെന്ന് കെഎസ്ആർടിസി; വിവാദം

ksrtc bus

പത്തനംതിട്ട ∙ മണ്ഡലകാലം പ്രമാണിച്ചു പ്രത്യേക ബസ് സർവീസുകളുടെ നിരക്ക് കെഎസ്ആർടിസി കുത്തനെ കൂട്ടിയെന്നു മാത്രമല്ല, ഇത് നിശ്ചിത തീയതിക്കുമുൻപേ പ്രാബല്യത്തിലാക്കുകയും ചെയ്തു. നട തുറക്കുന്ന നാളെ മുതൽ നടപ്പാക്കേണ്ടിയിരുന്ന നിരക്കുവർധന ഇന്നലെത്തന്നെ ഈടാക്കിയത് വിവാദമായി. ഇതിന്റെ പേരിൽ പത്തനംതിട്ട ഡിടിഒ ആർ.മനേഷിനെ തൊടുപുഴയിലേക്കു സ്ഥലം മാറ്റി. തൊടുപുഴ ഡിടിഒ റോയി ജോർജിനെ പത്തനംതിട്ടയിൽ പകരം നിയമിച്ചു. വിവാദത്തെ തുടർന്നു പ്രത്യേക സർവീസുകൾ താൽക്കാലികമായി നിർത്തി. നാളെ പുനരാരംഭിക്കും.

ഉത്സവകാല സ്പെഷൽ സർവീസ് എന്ന നിലയിലാണ് നിരക്കുവർധന. സ്പെഷൽ സർവീസ് എന്ന പേരിൽ പമ്പ ബസുകളിൽ ഈടാക്കിയിരുന്ന അധികനിരക്ക് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർത്തലാക്കിയിരുന്നു. എൽഡിഎഫ് സർക്കാർ കഴിഞ്ഞ കന്നിമാസ പൂജ മുതൽ നിരക്കുവർധന പുനഃസ്ഥാപിച്ചു. ഇതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നെങ്കിലും യുവതീപ്രവേശ വിഷയം വന്നതോടെ ഈ പ്രശ്നം തണുത്തു. നിരക്കുവർധനയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ഡിടിഒ ഓഫിസ് ഉപരോധിച്ചു.

മണ്ഡലകാലത്ത് 300 സ്പെഷൽ സർവീസുകളാണ് കെഎസ്ആർടിസി നടത്തുക. ഇതിൽ 50 എണ്ണം പമ്പ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിലേക്കും 250 എണ്ണം വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്കുമായിരിക്കും. ഇവ തീർഥാടകർക്കു മാത്രമായിരിക്കും; തീർഥാടകരുടെ ആവശ്യത്തിനല്ലാതെ സ്റ്റോപ്പുകളുണ്ടാകില്ല.