Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലപാട് മാറി; കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങി

Government of Kerala

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ സർവകക്ഷി യോഗം പോലെത്തന്നെ പ്രാധാന്യമുള്ള മറ്റൊരു കൂടിക്കാഴ്ചയ്ക്കും ഇന്നു വേദിയൊരുങ്ങുന്നു– തന്ത്രികുടുംബം, പന്തളം കൊട്ടാര പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രിയുടെ ചർച്ച. മുൻപും കൂടിക്കാഴ്ചയ്ക്കു സർക്കാർ ശ്രമം നടത്തുകയും ദൂതനായി ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാനും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എം.രാജഗോപാലൻ നായരെ അയയ്ക്കുകയും ചെയ്തിരുന്നെങ്കിലും ഫലം കണ്ടില്ല. സർക്കാർ നിലപാടു മാറ്റാതെ ചർച്ചയ്ക്കില്ലെന്ന കടുത്ത തീരുമാനത്തിലായിരുന്നു തന്ത്രി കുടുംബവും കൊട്ടാരവും.

മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള ക്ഷണപ്രകാരം കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, പി.ജി. ശശികുമാര വർമ, പി.എൻ. നാരായണവർമ എന്നിവരാണു ചർച്ചയ്ക്കെത്തുന്നത്. ആചാരങ്ങൾ സംരക്ഷിക്കുക, യുവതീപ്രവേശ നടപടികൾ ജനുവരി 22 വരെ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളായിരിക്കും ഇവർ മുഖ്യമന്ത്രിയോട് ഉന്നയിക്കുക. 

ഇതിനോട് അനുഭാവപൂർണമായ നിലപാടു സർക്കാരിനു സ്വീകരിക്കേണ്ടിവരും. കൂടുതൽ കർക്കശ നിലപാടിലേക്കു നീങ്ങിയാൽ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്ന ആക്ഷേപം സർക്കാരിനെതിരെ ഉയർന്നേക്കാം.

തിരുവിതാംകൂർ‍ ദേവസ്വം ബോർഡ് പ്രതിനിധികളും ഈ ചർച്ചയിൽ പങ്കെടുക്കും.സാവകാശ ഹർജിയടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നാണു ബോർഡിന്റെയും അഭിപ്രായം. ശബരിമല തീർഥാടനകാലത്തു വരുമാനത്തിലുണ്ടായ ഇടിവും ഗൗരവമുള്ള വിഷയമാണ്.