Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേൽശാന്തിമാർ നാളെ ചുമതലയേൽക്കും

sabarimala-temple ശബരിമല ക്ഷേത്രം (ഫയൽ ചിത്രം)

ശബരിമല ∙ മണ്ഡലകാലത്തിന്റെ വിശുദ്ധിയിൽ പൊന്നമ്പല നട നാളെ തുറക്കും. നിലവിലെ മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. മണ്ണാർക്കാട് തച്ചനാട്ടകം കണ്ടൂർകുന്ന് വരിക്കാശേരിമനയിൽ വി.എൻ.വാസുദേവൻ നമ്പൂതിരി സന്നിധാനത്തും തിരുവൻവണ്ടൂർ ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ. നാരായണൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും.

17ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരായിരിക്കും നട തുറക്കുക. തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് ഉച്ചയ്ക്കു നടക്കും. അന്നു രാത്രി 10ന് ന‌ട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ജനുവരി 14ന്. ജനുവരി 20ന് അടയ്ക്കും.

സുരക്ഷയ്ക്ക് 5200 പൊലീസുകാർ

പത്തനംതിട്ട ∙ മണ്ഡലകാല സുരക്ഷയ്ക്ക് 5200 പൊലീസുകാരെ നിയോഗിച്ചു. എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിൽ 3 ഐജിമാർക്കാണു സുരക്ഷാ ചുമതല. ചിത്തിര ആട്ടത്തിരുനാളിനു സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനു പകരം കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയെ നിയോഗിക്കും. ഇന്റലിജൻസ് ഐജി അശോക് യാദവ് പമ്പയുടെ ചുമതലയിൽ തുടരും. സുരക്ഷയുടെ മൊത്തം മേൽനോട്ടം ഐജി മനോജ് ഏബ്രഹാമിനാണ്.

ദലിത് മേൽശാന്തി വരണമെന്ന് ആഗ്രഹം: വെള്ളാപ്പള്ളി

ചേർത്തല ∙ ശബരിമലയിൽ ദലിത് മേൽശാന്തി എന്നതാണ് എസ്എൻഡിപിയുടെ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രപ്രവേശനത്തിന്റെ യഥാർഥ പ്രയോജനങ്ങൾ ഇനിയും കിട്ടിയിട്ടില്ല. ശബരിമല വിഷയത്തിലും നടക്കുന്നതു സവർണാധിപത്യത്തിനുള്ള നീക്കങ്ങളാണ് – വെള്ളാപ്പള്ളി പറഞ്ഞു.

മാധ്യമ നിയന്ത്രണം

പത്തനംതിട്ട ∙ ശബരിമലയിൽ വീണ്ടും മാധ്യമ നിയന്ത്രണം. മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി എത്തിയ മാധ്യമ പ്രവർത്തകരെ നാളെ രാവിലെ മാത്രമേ സന്നിധാനത്തേക്കു കടത്തി വിടാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.