Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നറിയിപ്പുകൾ അവഗണിച്ചു; പ്രളയം മനുഷ്യനിർമിതമെന്നു പഠന റിപ്പോർട്ട്

flood

തിരുവനന്തപുരം∙ സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിർമിതമാണെന്നു രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (ആർജിഐഡിഎസ്) പഠനറിപ്പോർട്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തില്ല. ഇതുമൂലം ജനങ്ങൾക്കു മുന്നറിയിപ്പ് നൽകിയതിൽ ഗുരുതരവീഴ്ചയുണ്ടായി. പേമാരിയെ തുടർന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം ഒന്നിച്ചു തുറന്നുവിട്ടതു പ്രളയം രൂക്ഷമാക്കി.

അണക്കെട്ടിൽ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കെ ചെയ്യാത്തതും വീഴ്ചയാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാഡ്സിന്റെ കോഡ് അനുസരിച്ചു ജലസംഭരണി പ്രവർത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ല. കേന്ദ്ര ജല കമ്മിഷൻ കർശനമായി പാലിക്കണം എന്ന നിഷ്കർഷിച്ചിട്ടുള്ള ഡാം ഓപ്പറേഷൻ മാനുവൽ, എമർജൻസി പ്ലാൻ എന്നിവ സംസ്ഥാനത്തെ ഒരു ഡാമിനുമുണ്ടായിരുന്നില്ല.

തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകൾ കൃത്യസമയത്തു തുറക്കാതിരുന്നതും തിരിച്ചടിയായി. ഏതു സാഹചര്യത്തിലും ഒരു അണക്കെട്ടിന്റെയും സംഭരണി നിറഞ്ഞുകവിയാൻ പാടില്ലെന്നിരിക്കെ ഇങ്ങനെ സംഭവിച്ചതു ഗുരുതര വീഴ്ചയാണ്. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി മൈക്കിൾ വേദ ശിരോമണി, ഡോ.ഉമ്മൻ വി.ഉമ്മൻ, ജോൺ മത്തായി, മുഹമ്മദലി റാവുത്തർ, തോമസ് വർഗീസ് എന്നിവരടങ്ങുന്ന സമിതിയാണു പഠനം നടത്തിയത്.

നിർദേശങ്ങൾ:

∙ ഇടുക്കി, വയനാട് ജില്ലകളിൽ ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്നതിനായി പുതിയ നിർമാണ ചട്ടം വേണം

∙ അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ റിസ്ക് അനാലിസിസ്.

∙ ദുരന്തങ്ങൾ തടയാൻ പഞ്ചായത്ത് തല സംവിധാനങ്ങൾ രൂപീകരിക്കണം.

∙ അണക്കെട്ടുകൾ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ടു മുന്നറിയിപ്പു സംവിധാനവും സുരക്ഷാ പ്രോട്ടോക്കോളും വേണം

related stories