Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: പ്രചാരണ, പ്രക്ഷോഭവുമായി കോൺഗ്രസ് മുന്നോട്ട്

Congress-logo

തിരുവനന്തപുരം∙ ശബരിമല പ്രശ്നത്തിൽ തുടർപ്രചാരണ–പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം വൈകിയുദിച്ച വിവേകമായി യോഗം വിലയിരുത്തി. കോൺഗ്രസാണ് ഈ ആവശ്യം ആദ്യമേ ശക്തമായി ഉന്നയിച്ചതെന്നു യോഗത്തിനു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമലയിലെ ‘പൊലീസ് രാജി’ൽ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം വ്യക്തമാക്കി.

മുന്നൊരുക്കങ്ങളുടെ കാര്യത്തിലെ പൂർണപരാജയം ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ആസ്ഥാനത്തിനു മുന്നിൽ ഇന്നു രാവിലെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ശബരിമല യുദ്ധഭൂമിയാക്കാനുള്ള നടപടികളാണു സർ‍ക്കാർ തുടരുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു. ഹരിവരാസനം പാടി നട അടച്ചശേഷം ഭക്തർ സന്നിധാനം വിട്ടുപോകണമെന്നും കടകൾ അടയ്ക്കണമെന്നുമുള്ള നിർദേശം വിവേകമില്ലാത്തതായി. ശബരിമലയിലെ പ്രത്യേകതകൾ ബോധ്യപ്പെടുന്നുവെന്ന സൂചനയാണു സുപ്രീം കോടതി തന്നെ നൽകുന്നത്. എന്നിട്ടും ആ ബോധ്യം ഉണ്ടാകാത്ത ഒരേയോരാൾ മുഖ്യമന്ത്രിയാണ്. കോൺഗ്രസ് ബോധവൽക്കരണ പാതയിൽ മുന്നോട്ടുപോകും. സ്ത്രീകളെ തടയുക കോൺഗ്രസ് നയമല്ല. എന്നാൽ ശബരിമലയുടെ ആചാരപരമായ സവിശേഷതകൾ കണക്കിലെടുത്തു ഭക്തകൾ അവിടേക്കു വരില്ലെന്നാണു കരുതുന്നത്– മുല്ലപ്പള്ളി പറഞ്ഞു.