Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകുംവരെ കടുംപിടിത്തം; ശേഷം അനുനയ തന്ത്രം

Sabarimala

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിനെക്കൊണ്ടു സാവകാശ ഹർജി കൊടുപ്പിക്കാനുള്ള സർക്കാർ നീക്കം അനുനയ സൂചന നൽകുന്നു. അതേസമയം, മണ്ഡലകാലം ഇന്നു തുടങ്ങാനിരിക്കെ, ഇതു വളരെ വൈകിയുള്ള നീക്കമായി. സുപ്രീം കോടതി വിധിയോടുള്ള പ്രതിബദ്ധതയിൽ അടിയുറച്ചു നിൽക്കുകയാണു 2 യോഗങ്ങളിലും മുഖ്യമന്ത്രി ചെയ്തത്. എന്നാൽ അനുനയത്തിന്റേതായ സന്ദേശം കൂടി നൽകണമെന്ന ശക്തമായ സമ്മർദം അദ്ദേഹത്തിനു മേലുണ്ടായി. അതിനു മുന്നിൽ നിന്ന ദേവസ്വം ബോർഡിനെ ആ ദൗത്യമേൽപ്പിക്കുകയാണു ഉച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ചെയ്തത്. 

രാവിലെ എകെജി സെന്ററിലെ കൂടിക്കാഴ്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിത ഇടതുനിലപാടിൽ ഇരുപാർട്ടികളും ഉറച്ചുനിൽക്കാനാണു തീരുമാനിച്ചത്. തുടർന്നു കാനവും സിപിഐയുടെ മന്ത്രി ഇ. ചന്ദ്രശേഖരനും മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിലെത്തി കണ്ടു. ദേവസ്വം ബോർഡിനെക്കൊണ്ടു സാവാകാശ ഹർജി നൽകാമെന്ന നിർദേശം ഈ ചർച്ചകളിലൊന്നും ഉരുത്തിരിഞ്ഞിരുന്നില്ല. 

സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രി നിരാകരിച്ചു. വിധിയെ മറികടക്കാനുള്ള വഴി അന്വേഷിക്കലായി ഇതിനെ സുപ്രീം കോടതി വ്യാഖ്യാനിച്ചേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള അതു ഖണ്ഡിക്കാൻ ശ്രമിച്ചപ്പോൾ ‘വിശ്വാസികളെ അവിടെ കയറ്റാനുള്ള ദയവ് ശ്രീധരൻ പിള്ള കാട്ടുകയാണു ചെയ്യേണ്ടതെ’ന്നു കാനം തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ ത്യാഗഭരിതമായ ജീവിതത്തെ ശ്രീധരൻ പിള്ള പുകഴ്ത്തുകയും പിള്ളയുടെ അഭിഭാഷക പാരമ്പര്യത്തെ മുഖ്യമന്ത്രി പ്രകീർത്തിക്കുകയും ചെയ്തപ്പോൾ നിങ്ങളുടെ പരസ്പരധാരണ കൂടുതൽ വ്യക്തമായെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ കുത്തി. പുറത്തു പരസ്യ തർക്കത്തിലേർപ്പെട്ടവർ കാര്യങ്ങൾ മുഖത്തോടു മുഖമിരുന്നു പറഞ്ഞുവെന്നതല്ലാതെ ഒരു ഫലവും ഈ യോഗമുണ്ടാക്കിയില്ല. 

സർവകക്ഷിയോഗം അലസിയതോടെ തന്ത്രികുടുംബവും പന്തളം കൊട്ടാരവുമായി മുഖ്യമന്ത്രി നടത്താനിരുന്ന ചർച്ച ഉപേക്ഷിച്ചേക്കുമെന്ന പ്രതീതിയായി. തുടർന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടു. പഴയ ഇടതു സഹയാത്രികനായ ബി. ശശികുമാര വർമയെ ഓഫിസിൽ വിളിച്ചുവരുത്തി അദ്ദേഹം സംസാരിക്കുക വഴി ചർച്ച നടക്കുമെന്ന് ഉറപ്പിച്ചു. എന്നാൽ ഈ കൂടിക്കാഴ്ചയിലും സർവകക്ഷിയോഗത്തിലെ നിലപാടുകളാണു മുഖ്യമന്ത്രി ആവർത്തിച്ചത്. ആചാരാനുഷ്ഠാനങ്ങളാണു തങ്ങൾക്കു പ്രധാനമെന്നു തന്ത്രികുടുംബം വ്യക്തമാക്കിയപ്പോൾ ‘നിങ്ങൾക്കു പരിഹാര ക്രിയകളുണ്ടല്ലോ’യെന്നു മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടി. എങ്ങുമെത്താതെ ചർച്ച അവസാനിപ്പിച്ചപ്പോൾ പുറത്ത് അങ്ങനെയൊരു സന്ദേശം നൽകരുതെന്നു കടകംപള്ളി അവരോട് അഭ്യർഥിച്ചു. 

തുടർന്നാണു ചർച്ചയിൽ അവരുന്നയിച്ച സാവാകാശ ഹർജിയെങ്കിലും ആലോചിക്കാമെന്നതിലേക്കു സർക്കാരെത്തിയത്. ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അതിനു മുൻകൈയെടുത്തു. പാർട്ടികളോട് ആലോചിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതിനെത്തുടർന്നു ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണർ എൻ. വാസു, മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന കെ.റജികുമാർ എന്നിവർ എകെജി സെന്ററിലെത്തിയെങ്കിലും കോടിയേരി അവിടെയുണ്ടായിരുന്നില്ല. തുടർന്നു സംഘം സിപിഐ ആസ്ഥാനത്തെത്തി കാനത്തെ കണ്ടു രാഷ്ട്രീയാനുമതി വാങ്ങി.