Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാവകാശം ബോർഡ് പ്രഖ്യാപിച്ചു: ഹർജി നൽകാം

Sabarimala

തിരുവനന്തപുരം∙ മണ്ഡലകാലത്തിനു നട തുറക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണു സുപ്രീം കോടതിയിൽ യുവതീപ്രവേശത്തിനെതിരെ സാവകാശ ഹർജി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഭക്തർക്കും വിശ്വാസികൾക്കും ബോർഡിന്റെ ഏറെ വൈകിയുള്ള തീരുമാനത്തിൽ രോഷവും പ്രതിഷേധവുമുണ്ട്. ശബരിമലയിൽ ആചാരലംഘനവും ഭക്തരുടെ പ്രതിഷേധവും ക്രമസമാധാന പ്രശ്നങ്ങളും പൊലീസ് നടപടികളും കൂടിക്കുഴഞ്ഞ് എല്ലാം കൈവിട്ടു പോയേക്കാമെന്ന വിലയിരുത്തലിനൊടുവിലാണു സാവകാശ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം.

സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ സമവായമുണ്ടാകുമെന്നായിരുന്നു ബോർഡിന്റെ പ്രതീക്ഷ. തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായുള്ള ചർച്ചയിലും പരിഹാരമുണ്ടായില്ല. ഇതോടെ തീരുമാനം ദേവസ്വം ബോർഡ് എടുക്കട്ടെയെന്നായി മുഖ്യമന്ത്രി. യുവതീപ്രവേശ വിധിക്കു ശേഷം സർക്കാരിന്റെ പിടിയിൽ നിന്നയഞ്ഞു ബോർഡിനു സ്വന്തമായി തീരുമാനമെടുക്കാൻ കൈവന്ന അവസരം.

യുവതികളെ പ്രവേശിപ്പിക്കാമെന്ന നിർണായക വിധിയുണ്ടായപ്പോൾ തന്നെ അതിനെതിരായ നിലപാടാണു ബോർഡ് സ്വീകരിച്ചത്. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നായിരുന്നു പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രതികരണം. അതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി രംഗത്തുവന്നതോടെ ബോർഡ് പ്രതിരോധത്തിലായി. പത്മകുമാറിന്റെ നടപടിയെ മുഖ്യമന്ത്രി ശാസിച്ചതോടെ ബോർഡ് മൗനത്തിലായി. തുലാമാസ പൂജാവേളയിലുണ്ടായ സംഘർഷത്തിനു ശേഷം ആചാരലംഘനം പാടില്ലെന്നും ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്നും പത്മകുമാർ ആവർത്തിച്ചത് വീണ്ടും മുഖ്യമന്ത്രിയുടെ അപ്രീതിക്ക് ഇടയാക്കി.

ചിത്തിരആട്ട വിശേഷത്തിനു പത്മകുമാർ ശബരിമലയിൽ പോകേണ്ടെന്നു നിർദേശമുണ്ടായി. ചുമതലകൾ ബോർഡ് അംഗം ശങ്കരദാസിനു കൈമാറി. മണ്ഡലകാലത്തിനു മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചെങ്കിലും അതും സർക്കാർ ഇടപെടലിനെ തുടർന്നു മുടങ്ങി.

തീരുമാനം 4 മണിക്കൂർ ചർച്ചയ്ക്കു ശേഷം

സാവകാശ ഹർജിയുമായി  കോടതിയിലെത്തുകയാണെങ്കിലും അതിന്റെ സാംഗത്യവും നിയമസാധുതയും ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇത്ര വൈകിയതെന്തെന്നു കോടതി ചോദിച്ചാൽ അതിനു ബോർഡിനു വ്യക്തമായ മറുപടിയുണ്ടാകില്ല. പ്രളയത്തിൽ തകർന്ന പമ്പയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടാനാകുമെന്നു മാത്രം. ഇന്നലെ 4 മണിക്കൂർ നീണ്ട ആലോചനകൾക്കൊടുവിലാണ് സുപ്രീം കോടതിയിൽ സാവകാശ ഹർജി നൽകുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ദേവസ്വം ഗെസ്റ്റ് ഹൗസിൽ ഉച്ചയ്ക്ക് 1.50 ന് ആരംഭിച്ചയോഗം അവസാനിച്ചത് വൈകിട്ട് ആറിനാണ്. യോഗത്തിനു ശേഷം പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ. പി. ശങ്കരദാസ്, ദേവസം കമ്മിഷണർ എൻ.വാസു എന്നിവരാണു കാര്യങ്ങൾ വിശദീകരിച്ചത്. 

പൊലീസിന് പൂർണ യൂണിഫോം

ശബരിമല ∙ സന്നിധാനത്തിന്റെ തിരുമുറ്റമൊഴികെ ബാക്കിയെല്ലാ സ്ഥലത്തും പൊലീസ് പൂർണ യൂണിഫോമിലായിരിക്കണമെന്നു നിർദേശം. ശബരിമലയിൽ ആദ്യമായാണിത്. ലാത്തിയേന്തിയ പൊലീസുകാർ നടപ്പന്തലിൽ എത്തി. ഷീൽഡ്, ഹെൽമറ്റ് എന്നിവയുമുണ്ട്. സംഘർഷ സ്ഥലത്ത് എങ്ങനെയാണോ അതേ രീതിയിൽ വേണം സന്നിധാനത്തും നിൽക്കാനെന്നാണു നിർദേശം. മേലുദ്യോഗസ്ഥരെ കണ്ടാൽ സല്യൂട്ട് ചെയ്യണം. ‘സ്വാമി ശരണം’ എന്നതിനു പകരം ‘സർ’ എന്നു തന്നെ വിളിക്കണം.

എൻഎസ്എസിനായി ആര്യമ സുന്ദരം ഹാജരാകും

കോട്ടയം∙ ശബരിമല കേസിൽ സുപ്രീം കോടതിയിൽ എൻഎസ്എസിനു വേണ്ടി മുതിർന്ന അഭിഭാഷകൻ സി. ആര്യമ സുന്ദരം ഹാജരാകും. നിലവിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കെ. പരാശരൻ ഡൽഹിയിൽ ഇല്ലാത്ത സാഹചര്യത്തിലാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകിയാൽ കേസിലെ കക്ഷിയായ എൻഎസ്എസിന്റെ അഭിപ്രായം സുപ്രീം കോടതി തേടും. ഇതു മുന്നിൽ കണ്ടാണ് ആര്യമ സുന്ദരത്തെ നിയോഗിച്ചത്.