Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിധിയിൽ ഒടുവിൽ നിലപാടുറപ്പിച്ച് ദേവസ്വം ബോർഡ്; സാവകാശഹർജി ഇന്നു തന്നെ

sabarimala

പമ്പ ∙ ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കുന്ന കാര്യത്തിൽ സുപ്രീം കോടതിയിൽ ഇന്നുതന്നെ സാവകാശ ഹർജി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. പ്രളയത്തിൽ തകർന്ന പമ്പയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുണ്ടെന്നും കൂടുതൽ ആളുകളെത്തിയാൽ ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാകും ഹർജിയെന്നു പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. 

സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദേശപ്രകാരമുള്ള നിർമാണപ്രവർത്തനങ്ങളേ പറ്റൂ. വികസനത്തിനു കൂടുതൽ വനഭൂമി ആവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനു നൽകിയ അപേക്ഷയിൽ തീരുമാനമായിട്ടുമില്ല. തുലാമാസ പൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോഴുണ്ടായ ഗുരുതര സ്ഥിതിവിശേഷവും വിശദമാക്കും. 

ബോർഡ് യോഗത്തിനിടെ ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ധരിപ്പിച്ച് അനുമതി വാങ്ങി. പിന്നീട് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും മുതിർന്ന അഭിഭാഷകരോടു ചർച്ച ചെയ്താണ് അന്തിമ തീരുമാനത്തിലെത്തിയത്. ബോർഡിനുവേണ്ടി ചന്ദ്ര ഉദയസിങ് ആകും ഹാജരാകുക. 

സെപ്റ്റംബർ 28നു സുപ്രീം കോടതി വിധി വന്ന ശേഷം കൃത്യമായൊരു തീരുമാനത്തിൽ ഉറച്ചുനിൽക്കാതിരുന്ന ദേവസ്വം ബോർഡ് ഒടുവിൽ മണ്ഡലകാലപൂജകൾക്കു നട തുറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടു പ്രഖ്യാപിക്കുന്നത്. തന്ത്രിമാരുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ബോർഡ് സാവകാശ ഹർജി എന്ന സാധ്യത മുന്നോട്ടുവച്ച ശേഷമാണ് നീക്കങ്ങൾ ഊർജിതമായത്. 

സാവകാശ ഹർജി

കോടതി ഉത്തരവ് നടപ്പാക്കുന്നതിനു സാമ്പത്തികവും പ്രായോഗികവുമായ തടസ്സങ്ങൾ മുൻനിർത്തി ചില തയാറെടുപ്പുകൾ വേണമെന്നു ചൂണ്ടിക്കാട്ടി നൽകുന്നതാണു സാവകാശ ഹർജി (െടെം എക്സ്റ്റൻഷൻ പെറ്റിഷൻ).