Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ: ഇടുക്കിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി

car-stuck-in-mud ഇടുക്കി ജില്ലയിലെ പന്നിയാർകുട്ടിക്കു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ചെളിയിൽ താഴ്ന്ന കാർ.

തൊടുപുഴ ∙ കനത്ത മഴയിൽ ഇടുക്കിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ഉച്ചയോടെ ആരംഭിച്ച മഴ രാത്രിയിലും തുടരുകയാണ്. മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ കാറ്റും വീശി. ജില്ലയിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണമെന്നു പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മൂന്നാറിനു സമീപം വട്ടവടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി വൻ കൃഷിനാശം. വട്ടവടയിലെ പഴത്തോട്ടം, ചിലന്തിയാർ റൂട്ടിലെ മമ്മൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ പച്ചക്കറിക്കൃഷി വ്യാപകമായി നശിച്ചു. മൂന്നാറിൽ ദേശീയപാത 85ൽ വെള്ളം കയറിയെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. വനമേഖലയിൽ ഉരുൾ പൊട്ടി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തൊമ്മൻകുത്ത് പാലം വൈകിട്ട് വെള്ളത്തിനടിയിലായി.

മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ബോട്ടിങ് നിർത്തി. മാട്ടുപ്പെട്ടിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ വിനോദസഞ്ചാരികളും വിദ്യാർഥികളും കുടുങ്ങി. മാട്ടുപ്പെട്ടി അണക്കെട്ടിനും പഞ്ചായത്ത് ഓഫിസിനും ഇടയ്ക്കുള്ള വളവിലാണ് വൈകിട്ട് മണ്ണിടിഞ്ഞത്. എക്കോപോയിന്റ്, കുണ്ടള, ടോപ്സ്റ്റേഷൻ എന്നിവിടങ്ങളിൽ സന്ദർശനത്തിന് എത്തിയവരാണ് കുടുങ്ങിയത്. മൂന്നാറിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നു മാട്ടുപ്പെട്ടിയിലേക്കും വിവിധ എസ്റ്റേറ്റുകളിലേക്കുമുള്ള കുട്ടികളുമായി പോയ വാഹനങ്ങളും കുടുങ്ങി.

മൂന്നാർ–ഉദുമൽപേട്ട സംസ്ഥാനാന്തര പാതയിൽ പെരിയവരൈയിലെ താൽക്കാലിക പാലം ഒലിച്ചുപോയി. മൂന്നാർ–മറയൂർ റോഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. മലവെള്ളപ്പാച്ചിലിൽ മധ്യഭാഗത്ത് വിള്ളലുണ്ടാവുകയും തുടർന്ന് അടിഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ പൈപ്പുകൾ സഹിതം ഒഴുകിപ്പോവുകയും ചെയ്തു. ഇതോടെ ഈ റൂട്ടിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രാജമലയിലേക്കുള്ള സന്ദർശകരുടെ യാത്രയും മുടങ്ങും. വണ്ണപ്പുറം–ചേലച്ചുവട് റോഡിൽ കള്ളിപ്പാറ ഭാഗത്ത് രണ്ടിടത്ത് മണ്ണിടിഞ്ഞ് വീണു ഗതാഗതം തടസ്സപ്പെട്ടു.

പ്രളയത്തെത്തുടർന്ന് ഓഗസ്റ്റ് 15 ന് ഇവിടുത്തെ പാലം തകർന്നിരുന്നു. കന്നിയാറിൽ തകർന്ന പാലത്തിന് സമീപം താൽക്കാലികമായി പൈപ്പ് സ്ഥാപിച്ച് അതിനു മുകളിൽ മണ്ണിട്ട് സമാന്തര പാലം നിർമിച്ച് ഗതാഗതം പുന:സ്ഥാപിച്ചത് സെപ്റ്റംബർ 9ന് ആയിരുന്നു. ഇന്നലത്തെ ശക്തമായ മഴയിൽ ഈ പൈപ്പുകൾ സഹിതം ഒലിച്ചു പോവുകയായിരുന്നു.

മഴയുടെ ശക്തി കുറഞ്ഞു; കാറ്റിനു സാധ്യത

തിരുവനന്തപുരം ∙ ഗജ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ മഴയ്ക്കു സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അതേസമയം, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും കടൽക്ഷോഭത്തിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 20 വരെ കേരള തീരത്തും ലക്ഷദ്വീപ്, കന്യാകുമാരി, ഗൾഫ് ഓഫ് മന്നാർ ഭാഗങ്ങളിലും മത്സ്യബന്ധനം പാടില്ലെന്നു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ നിർദേശിച്ചു.