Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വാറികളാക്കി മാറ്റിയ പ്ലാന്റേഷനുകൾക്ക് ഭൂപരിധിവ്യവസ്ഥാ ഇളവില്ല: കോടതി

Kerala-High-Court-3

കൊച്ചി∙ ക്വാറികളായി രൂപമാറ്റം വരുത്തിയ പ്ലാന്റേഷനുകൾ ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധിവ്യവസ്ഥാ ഇളവിന് അർഹമല്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കി. മൂന്നംഗ ബെഞ്ചിൽ ഒരു ജഡ്ജിയുടെ വിയോജിപ്പോടെയാണു വിധി. ഭൂപരിധി വ്യവസ്ഥയിൽ ഇളവിന് അർഹതയുണ്ടായിരുന്ന ഭൂമി രുപമാറ്റം വരുത്തുന്നതോടെ അർഹത നഷ്ടമാകും. ഭൂപരിധി നിർണയിക്കപ്പെടുകയും മിച്ചഭൂമി ഭൂപരിഷ്കരണ നിയമപ്രകാരമുള്ള നടപടിക്കു വിധേയമാവുകയും ചെയ്യുമെന്നു കോടതി വ്യക്തമാക്കി.

പ്ലാന്റേഷൻ ആവശ്യത്തിന് ഇളവ് അനുവദിച്ചു പതിച്ചുനൽകിയ ഭൂമിയിൽ ക്വാറി പ്രവർത്തനത്തിന് അനുമതി നൽകിയതു ചോദ്യം ചെയ്യുന്ന ഹർജികളാണു ഫുൾബെഞ്ച് പരിഗണിച്ചത്. കരിങ്കല്ല് ഖനനം നടത്തുന്ന ഭൂമിയെ വാണിജ്യഭൂമി ആയി കാണാനാകുമോ എന്നതു സംബന്ധിച്ച് ‘കൃഷ്ണൻകുട്ടി കേസി’ലെയും ‘മുഹമ്മദാലി ഹാജി’ കേസിലെയും വിഭിന്ന വിധികൾ ഉദ്ധരിച്ചായിരുന്നു വാദപ്രതിവാദങ്ങൾ.

കരിങ്കല്ല് ഖനനത്തിന് ഉപയോഗിക്കുന്ന ഭൂപ്രദേശത്തെ വാണിജ്യഭൂമിയായി കാണാനാവില്ലെന്ന ‘കൃഷ്ണൻകുട്ടി കേസ്’ വിധിയാണു സ്വീകാര്യമെന്നു  ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരുടെ വിധിന്യായത്തിൽ പറയുന്നു. നിയമം പ്രാബല്യത്തിൽ വന്ന കാലത്ത് വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ നടന്നുവന്ന പ്രദേശങ്ങൾക്കു ഭൂപരിധി വ്യവസ്ഥയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഉൽപാദനപ്രക്രിയ എന്ന നിലയ്ക്കു പ്ലാന്റേഷൻ ഭൂമിക്കു നൽകിയ ഇളവ്, ഭൂമി ക്വാറിയായി ഉപയോഗിക്കുമ്പാൾ അനുവദിക്കാനാവില്ലെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, മെറ്റലും ബ്ലോക്കുകളും നിർമിക്കാൻ പാറ പൊട്ടിക്കുന്നത് ഉൽപാദനപ്രക്രിയ ആയതിനാൽ വാണിജ്യഭൂമിയായി കാണാമെന്ന ‘മുഹമ്മദാലി ഹാജി’ കേസിലെ വിധി അംഗീകരിക്കുന്നതായി ജസ്റ്റിസ് പി. ബി. സുരേഷ്കുമാറിന്റെ ഉത്തരവിൽ പറയുന്നു. ഭൂപരിഷ്കരണ നിയമത്തിലെ സെക്‌ഷൻ 2 (5) പ്രകാരമുള്ള ഇളവു ക്വാറികൾക്ക് അനുവദിക്കാവുന്നതാണെന്നും ഈ ഉത്തരവിൽ പറയുന്നു. നിയമപ്രശ്നത്തിൽ മാത്രമാണു ഫുൾബെഞ്ചിന്റെ തീർപ്പ്. ഹർജികൾ വീണ്ടും സിംഗിൾ ജഡ്ജി പരിഗണിച്ചു തീരുമാനിക്കും.

related stories