Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസം 321; ഹർത്താൽ 86

bus-travellers തളർന്നുപോയി.. വൈകി പ്രഖ്യാപിച്ചതിനാൽ ഹർത്താലാണെന്ന വിവരംപോലും അറിയാതെയാണ് പലരും നഗരങ്ങളിൽ എത്തിയത്. ട്രെയിൻ ഇറങ്ങിയവർ ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ വാഹനം കിട്ടാതെ വലഞ്ഞൊരു ഹർത്താൽ ദിനമാണ് കടന്നുപോയത്. ഒടുവിൽ പൊലീസ് ഒരുക്കിയ കെഎസ്ആർടിസി ബസിൽ സ്ഥാനം പിടിച്ചവർ. കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: സജീഷ് ശങ്കർ ∙മനോരമ

തിരുവനന്തപുരം ∙ ഈവർഷം കേരളത്തിൽ നടന്നത് 86 ഹർത്താലുകൾ. ജനുവരി ഒന്നു മുതലുള്ള 321 ദിവസങ്ങളിൽ നാലിലൊന്നു ദിവസങ്ങളിലും കേരളത്തിൽ ഒരിടത്തോ ഒന്നിൽ കൂടുതൽ ഇടങ്ങളിലോ ഹർത്താലായിരുന്നു. 'സേ നോ ടു ഹർത്താൽ' കൂട്ടായ്മയുടെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിൽ ആറെണ്ണം സംസ്ഥാന ഹർത്താലും ബാക്കിയുള്ളവ പ്രാദേശികവുമാണ്. 2017ൽ നടന്നത് 120 ഹർത്താലാണ്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ ഹർത്താലുകളുടെ എണ്ണം 100 കടന്നിരുന്നു. ഇത്തവണ ഫെബ്രുവരിയിലാണ് ഏറ്റവുമധികം ഹർത്താലുകളുണ്ടായത്–15.മിക്ക ഹർത്താലിനും പിന്നിൽ സിപിഎം, ബിജെപി, കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള സംഘർഷങ്ങളായിരുന്നു. 2017ൽ ബിജെപി–സിപിഎം സംഘർഷം മാത്രം 30 ൽ അധികം ഹർത്താലുകൾക്കു വഴിയൊരുക്കി.

ഓവർലോഡ്’: ട്രെയിൻ യാത്ര തടസ്സപ്പെട്ടു

കൊല്ലം ∙ ഹർത്താലിൽ ജനം ഇടിച്ചുകയറിയതോടെ ജനറൽ കോച്ച് ‘ഓവർലോഡ്’ ആയി ട്രെയിൻ യാത്ര അരമണിക്കൂറിലേറെ തടസ്സപ്പെട്ടു. യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റിക്കയറ്റി. തിരുവനന്തപുരം– ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് പകൽ 11.15നു ട്രെയിൻ കൊല്ലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാർ കൂടുതലായതിനാൽ പിന്നിലുള്ള ജനറൽ കോച്ചിന്റെ ഷോക്ക് അബ്സോർബറിന്റെ പ്രവർത്തനം സുഗമമല്ലെന്നു സാങ്കേതികവിഭാഗം അറിയിച്ചു. ഈ കോച്ചിൽ നിന്നു യാത്ര ചെയ്തവരെ മുഴുവൻ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമീപത്തെ സ്‌ലീപ്പർ കോച്ചുകളിലേക്കു മാറ്റിയ ശേഷം 12നാണു യാത്ര പുനരാരംഭിച്ചത്.