Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയുടെ അറസ്റ്റ്: റാന്നിയിൽ ഉദ്വേഗത്തിന്റെ മണിക്കൂറുകൾ

KP Sasikala കെ.പി. ശശികല

റാന്നി ∙ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റിനെത്തുടർന്നു പൊലീസ് നേരിട്ടതു കടുത്ത പ്രതിഷേധം. വെള്ളിയാഴ്ച സന്ധ്യക്ക് 7 മണിയോടെയാണ് 3 പേർക്കൊപ്പം ശശികലയെ ശബരിമല മരക്കൂട്ടത്തുനിന്നു പൊലീസ് കരുതൽ തടങ്കലിലാക്കിയത്. പുലർച്ചെ 1.45ന് അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെ റാന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ അവർ ഉപവാസം പ്രഖ്യാപിച്ചു. ശബരിമലയ്ക്കു പോകാതെ ഉപവാസം അവസാനിപ്പിക്കില്ലെന്നും അറിയിച്ചു. ഇതറിഞ്ഞ് രാവിലെ മുതൽ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി നാമജപം തുടങ്ങി. പൊലീസ് പലതവണ ചർച്ച നടത്തിയെങ്കിലും ശശികലയെ ശബരിമല ദർശനത്തിനായി മരക്കൂട്ടത്തു തിരിച്ചെത്തിക്കണമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു.

സ്റ്റേഷനിൽനിന്നു ജാമ്യത്തിൽ വിടാമെന്നും പിന്നീട് അവർ ശബരിമലയ്ക്കു പോകട്ടെ എന്നുമാണു പൊലീസ് അറിയിച്ചത്. പത്തനംതിട്ട ഡിവൈഎസ്പി എസ്. ഷെഫീക്കും സന്തോഷ്കുമാറും ചേർന്ന് നേതാക്കളുമായി തുടർന്നും അനുരഞ്ജന നീക്കം നടത്തി.  ഒന്നരയോടെ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ടി. നാരായണനുമായി ചർച്ച തുടർന്നെങ്കിലും തീരുമാനമായില്ല. തിരുവല്ല ആർഡിഒ കോടതിയിൽ ഹാജരാക്കുമെന്നും അതിനു ശേഷമുള്ള കാര്യങ്ങൾ ശശികലയ്ക്കും നേതാക്കൾക്കും തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു.

പ്രവർത്തകരെ ബലമായി നീക്കിയശേഷം ശശികലയെ കൊണ്ടുപോകാൻ ഇതിനിടെ പൊലീസ് തയാറെടുപ്പു തുടങ്ങി. അഡീഷനൽ തഹസിൽദാരെ പൊലീസ് സ്റ്റേഷനിലേക്കു വരുത്തുക കൂടി ചെയ്തതോടെ അന്തരീക്ഷം വലിഞ്ഞുമുറുകി. ജില്ലാ പൊലീസ് മേധാവി നേതാക്കളുമായി അവസാനം നടത്തിയ ചർച്ചയിലാണ് തിരുവല്ല കോടതിയിൽ ഹാജരാക്കിയ ശേഷം ശബരിമലയ്ക്കു പോകാൻ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചത്. ശശികലയും നേതാക്കളും ഇതിനോടു യോജിച്ചതോടെയാണു സ്ഥിതി അയഞ്ഞത്. 25000 രൂപയ്ക്കും രണ്ടു പേരുടെ ആൾ ജാമ്യത്തിനുമാണു മോചനം. ഡിസംബർ മൂന്നിന് ആർഡി ഒ‍ാഫിസിലെത്തി സബ്ഡിവിഷനൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ശബരിമല പ്രതികരണങ്ങൾ

ശശികല വിഷം ചീറ്റുന്നു: കടകംപള്ളി

തിരുവനന്തപുരം∙ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല നാട്ടിലെമ്പാടും വർഗീയ വിഷം ചീറ്റുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വനിത, അധ്യാപിക, പൊതുപ്രവർത്തക എന്നീ നിലകളിൽ അവരുടെ നാവിൽ നിന്നു വരാൻ പാടില്ലാത്ത കാര്യങ്ങളാണു പുറത്തു വരുന്നത്. മതേതര സന്നിധിയായ ശബരിമലയിലും വിഷം ചീറ്റി കലാപമുണ്ടാക്കാനായിരുന്നു ശശികലയുടെയും സംഘപരിവാറിന്റെയും ശ്രമം. ഒരു മാസത്തിൽ നാലും അഞ്ചും തവണ ദർശനം നടത്തുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. വൃശ്ചികമാസം ഒന്നാം തിയതി വിശ്വാസികൾക്കു പ്രാധാന ദിവസമാണ്. ഈ ദിവസം തന്നെ ഹർത്താൽ പ്രഖ്യാപിച്ചു വിശ്വാസികളെയും ശബരിമല തീർഥാടകരെയും ബുദ്ധിമുട്ടിക്കുകയാണു ചെയ്തതെന്നും കടകംപള്ളി പറഞ്ഞു.

ശശികലയ്ക്കെതിരെ എം.എം.മണി

കുമളി ∙ പൊലീസ് നിരോധനമുള്ള സ്ഥലത്തു കുഴപ്പമുണ്ടാക്കാൻ പോയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല കാണിച്ചതു  വൃത്തികെട്ട പണിയാണെന്ന് മന്ത്രി എം.എം. മണി.  

ശബരിമലയിൽ പ്രശ്നമുണ്ടാകാതിരിക്കാനാണ് അവരെ അറസ്റ്റു ചെയ്തത്.  സ്വാതന്ത്ര്യ സമര സേനാനിയാണെന്നാണു  വിചാരം.  ശശികലയുടെ അറസ്റ്റിനെതിരായ ഹർത്താലിനു ചവറ്റുകൊട്ടയിലാണു സ്ഥാനമെന്നും മന്ത്രി പറഞ്ഞു. 

പ്രക്ഷോഭം വ്യാപിപ്പിക്കും: ശ്രീധരൻ പിള്ള

കോഴിക്കോട് ∙ ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയുടെ അറസ്റ്റ് നിന്ദ്യവും നിയമവിരുദ്ധവുമാണ്.

 ഹർത്താലിന് ആഹ്വാനം നൽകുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. ശബരിമലയിൽ സർക്കാർ കാട്ടുനീതി നടപ്പാക്കുകയാണ്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം സർക്കാർ ഒരു വിഭാഗത്തിനു നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ഭരണഘടനാ ഭേദഗതി വേണമെന്നു ചെന്നിത്തല

കോഴിക്കോട് ∙ ശബരിമലയിലെ പ്രശ്നം പരിഹരിക്കാൻ ഭരണഘടനാ ഭേദഗതി മാത്രമാണു പോംവഴിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അനുച്ഛേദം 26 (ബി) അനുസരിച്ച് അയ്യപ്പഭക്തരെ പ്രത്യേക വിശ്വാസി വിഭാഗമായി പ്രഖ്യാപിക്കണം. അതിനു സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണം. കേന്ദ്ര സർക്കാർ നടപടിയെടുക്കണം. അതു മാത്രമാണു ശാശ്വത പരിഹാരം. പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു പറയുന്ന ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ കണ്ട് ഭരണഘടനാ ഭേദഗതിയുടെ കാര്യം സംസാരിക്കണം. ശബരിമല തീർഥാടനം തകർക്കാനാണ് എൽഡിഎഫ് സർക്കാരും ബിജെപിയും ശ്രമിക്കുന്നതെന്നു ചെന്നിത്തല ആരോപിച്ചു. 

‘ഇതര സംസ്ഥാനങ്ങളിൽ നിന്നു പ്രവർത്തകരെത്തും’

കൊച്ചി∙ ശബരിമല കർമസമിതികൾ ഇതരസംസ്ഥാനങ്ങളിൽ താഴേത്തട്ടുവരെ രൂപീകരിച്ചിട്ടുണ്ടെന്നും അവിടെനിന്നുള്ളവർ വരുംദിവസങ്ങളിൽ ശബരിമലയിൽ എത്തുമെന്നും കർമസമിതി കൺവീനർ എസ്.ജെ.ആർ.കുമാർ. ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കി  ഭക്തരെ ദ്രോഹിച്ചുകൊണ്ടു നിയമവിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത് മാർഗദർശക് സ്വാമി ചിദാനന്ദപുരി ആരോപിച്ചു. രഹസ്യ അജണ്ട നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു ശബരിമല കർമസമിതി അധ്യക്ഷൻ കെ. ഗോവിന്ദ ഭരതൻ പറഞ്ഞു.