Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: വീടു പോയ 68,403 പേർ പട്ടികയ്ക്ക് പുറത്ത്

house-representational-image-1

കോട്ടയം ∙ തദ്ദേശ ഭരണ വകുപ്പിന്റെ പരിശോധന കഴിഞ്ഞപ്പോൾ, പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 68,403 പേർ നഷ്ടപരിഹാര പട്ടികയിൽ നിന്നു പുറത്ത്. അർഹരായവർ പട്ടികയിൽ നിന്നു പുറത്തു പോയപ്പോൾ അനർഹർ പട്ടികയിൽ സ്ഥാനം പിടിച്ചുവെന്നു പരാതി. തർക്കം പരിഹരിക്കുന്നതിനായി ജില്ലകളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗവും വിഫലമായി. തദ്ദേശ വകുപ്പു തയ്യാറാക്കിയ പട്ടികയിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിൽ അർഹരായവരെ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനാണ് നീക്കം. സന്നദ്ധ പ്രവർത്തകർ വഴി നടത്തിയ സർവേയിൽ വീടുകളുടെ നാശം തിട്ടപ്പെടുത്തിയതിനെ കുറിച്ചാണു പരാതി ഉയർന്നത്. പൂർണമായി തകർന്ന വീടുകൾ പോലും പട്ടികയിൽ നിന്നു പുറത്തായെന്ന് ആക്ഷേപമുണ്ട്.

ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. അപേക്ഷ നൽകിയ 1,26,576 പേരിൽ 37,115 പേരും പുറത്തായി. 72,257 പേർ അപേക്ഷ നൽകിയ ആലപ്പുഴയിൽ 8,434 പേർ പുറത്തായി. പട്ടികയിൽ നിന്നു പുറത്തു പോയവർ അപ്പീൽ നൽകുന്ന മുറയ്ക്കു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തി അർഹത പുനർനിർണയിക്കും. തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ കഴിവതും ഒഴിവാക്കി റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ അന്തിമ പട്ടിക തയ്യാറാക്കാനാണു നീക്കം.

അതിനിടെ, വീടു നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ റീബിൽഡ് കേരളയുടെ വെബ്സൈറ്റിലേക്കു ചേർക്കുന്നതു സർക്കാർ നിർത്തിവച്ചു. പൂർത്തീകരിച്ച പട്ടിക അനുസരിച്ചു ഭവന നിർമാണം ആരംഭിക്കുന്നതിനു വേണ്ടിയാണിത്. സംസ്ഥാനത്തു 3,30,578 പേരുടെ വീടുകളാണു പ്രളയത്തിൽ തകർന്നത് എന്നാണു സർവേയിൽ കണ്ടെത്തിയത്.