Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ സർക്കാർ കാട്ടുന്നത് നീതികേട്: ചെന്നിത്തല

കൊച്ചി∙ ഭക്തർക്ക് അയ്യപ്പദർശനം നടത്താനുള്ള സ്വാതന്ത്ര്യം വിലക്കുന്ന സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ നീതികേടിനു നേതൃത്വം നൽകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയുടെ വിമർശനം സർക്കാരിന്റെ കണ്ണു തുറപ്പിക്കണം. ശബരിമലയിൽ വിരിവച്ചു ഭക്തർ ഉറങ്ങിക്കിടന്നപ്പോൾ അവരുടെമേൽ വെള്ളം തളിച്ചതും ഒരു കാരണവുമില്ലാതെ സാധാരണഭക്തരെ അറസ്റ്റ് ചെയ്തതും എന്തിന്? അവർ തീവ്രവാദികളാണോ?

ശബരിമലയിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭക്തർക്കുമേൽ പൊലീസ് കുതിരകയറുകയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തോടെയാണിത്. ഇത്രയും പിടിപ്പുകെട്ട ആഭ്യന്തരമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യുഡിഎഫ് ഏകോപനസമിതി യോഗത്തിനുശേഷം ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയത്തിനുശേഷം നിലയ്ക്കലിലും പമ്പയിലും എരുമേലിയിലും അടിസ്ഥാനസൗകര്യങ്ങൾപോലും ഒരുക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും ബിജെപിക്കും ആർഎസ്എസിനും സർക്കാർ ചുവന്ന പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി, വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ, ഘടകകക്ഷി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ, എം.കെ. മുനീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, സി.പി.ജോൺ, ജി.ദേവരാജൻ തുടങ്ങിയവർ യുഡിഎഫ് യോഗത്തിൽ പങ്കെടുത്തു.