Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: കേന്ദ്രം പ്രഖ്യാപിച്ച തുക കിട്ടിയില്ലെന്നു കടകംപള്ളി

kadakampally-surendran

കണ്ണൂർ∙ ശബരിമല വികസനത്തിനു കേന്ദ്രം നൽകിയ ഫണ്ട് കൃത്യമായി വിനിയോഗിച്ചില്ലെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നൂറോളം പദ്ധതികൾക്കായി 98.89 കോടി രൂപ കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ചെങ്കിലും 18 കോടി മാത്രമാണ് ലഭിച്ചത്.

ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റി യഥാർഥത്തിൽ ‘ഉടക്കു വയ്ക്കൽ കമ്മിറ്റിയാണ്’. കമ്മിറ്റിയുടെ അനുമതി വൈകുന്നതു മൂലമാണു പദ്ധതികൾ പൂർത്തിയാകാത്തത്. സുപ്രീം കോടതി നിയോഗിച്ച എംപവർ കമ്മിറ്റി ശബരിമലയിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദേശിച്ചിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയിലെ ഭക്തർക്കു സൗകര്യമൊരുക്കാനാണു സർക്കാർ ശ്രമിക്കുന്നത്. അവിടെയെത്തുന്ന ഗുണ്ടകൾക്കു സൗകര്യമൊരുക്കേണ്ടതു സർക്കാരിന്റെ ചുമതലയല്ല.

ആർഎസ്‌എസും ബിജെപിയും ആസൂത്രണം ചെയ്ത കാര്യങ്ങളാണു ശബരിമലയിൽ ഇപ്പോൾ നടക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. ഞായറാഴ്ച രാത്രി ശബരിമലയിലുണ്ടായ പ്രശ്നങ്ങൾക്കു നേതൃത്വം നൽകിയത് എറണാകുളം ജില്ലയിലെ പ്രമുഖ ആർഎസ്എസ് നേതാവാണ്. ആചാരമോ അനുഷ്ഠാനമോ അല്ല, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലു വോട്ടാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രശ്നമെന്നും കടകംപള്ളി പറഞ്ഞു.