Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിമുറികൾ കാണിക്കാത്തതിന് കണ്ണന്താനത്തിന്റെ രോഷം

ശബരിമല ∙ ശുചിമുറികൾ കാണിച്ചുകൊടുക്കാത്തതിന് പൊലീസിനോട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ക്ഷോഭം. 100 കോടി രൂപ കൊടുത്തതിൽ ഒരു പൈസ പോലും സംസ്ഥാനം ചെലവഴിച്ചില്ലെന്നു കുറ്റപ്പെടുത്തൽ. പമ്പയുടെ കരയിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കണ്ട സാഹചര്യം ദുരന്തമുണ്ടാക്കിയേക്കുമെന്ന് മുന്നറിയിപ്പും.

സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രിക്ക് അവിടത്തെ സൗകര്യങ്ങൾ കാണിക്കുന്നതിനായി പൊലീസ് വാഹനം മുന്നിൽ പോയി. ശുചിമുറികൾ കാണിക്കണമെന്നു പറഞ്ഞ മന്ത്രിയെ പൊലീസുകാർ പാർക്കിങ് ഏരിയ ചുറ്റി മറ്റൊരിടത്തേക്കാണു കൊണ്ടുപോയത്. ഇടയ്ക്ക് ഇറങ്ങിയ മന്ത്രി, തന്നെ ചുറ്റിക്കാതെ ശുചിമുറികൾ കാണിക്കണമെന്ന് ക്ഷോഭിച്ചു. ഇതോടെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും സ്ഥലത്തെത്തി. കാര്യങ്ങൾ അറിയുന്ന ആരെങ്കിലും തന്നെ നയിക്കണമെന്നായി മന്ത്രി.

തുടർന്ന് അദ്ദേഹത്തെ പുതിയ ശുചിമുറി ബ്ലോക്കിനു മുൻപിൽ എത്തിച്ചു. എന്നാൽ, ഈ ശുചിമുറികളിലേക്ക് കയറാൻ പടികൾ നിർമിച്ചിരുന്നില്ല. ഇതിലേക്ക് ആവശ്യക്കാർ എങ്ങനെ കയറുമെന്ന് മന്ത്രി പരിഹസിച്ചു. അകത്ത് ഇനിയും പല സാധനങ്ങളും ഘടിപ്പിക്കേണ്ടതുണ്ടല്ലോ എന്നു മന്ത്രി പറഞ്ഞപ്പോൾ അവ ഓഫിസിൽ എത്തിയിട്ടുണ്ടെന്നായി ഉദ്യോഗസ്ഥൻ. ഓഫിസിൽ വച്ചോളൂ, കുറച്ചു മുഖ്യമന്ത്രിയുടെ ഓഫിസിലും കൊണ്ടുവയ്ക്കൂ എന്ന് അൽഫോൻസ് കണ്ണന്താനം പരിഹസിച്ചു.

ശുചിമുറി ഉപയോഗിക്കുന്നതിന് പണം വാങ്ങിക്കുന്നത് ന്യായമല്ലെന്ന് അദ്ദേഹം പറഞ്ഞു. പമ്പയിൽ എത്തിയപ്പോൾ ശുചിമുറി ഉപയോഗിക്കാൻ അദ്ദേഹം പഴ്സിൽ നിന്ന് അഞ്ചു രൂപ എടുത്തു നൽകി. ഒരു രൂപ ദേവസ്വം ബോർഡിനിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ടൂറിസം വകുപ്പ് ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ച 100 കോടി രൂപയിൽ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. തുക ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി പറഞ്ഞതായി മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, അങ്ങനെയെങ്കിൽ കടകംപള്ളിക്ക് അദ്ദേഹത്തിന്റെ വകുപ്പിൽ എന്താണു നടക്കുന്നതെന്ന് അറിയില്ലെന്നു പറയേണ്ടിവരുമെന്ന് കണ്ണന്താനം പറഞ്ഞു.

പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായതാണ് ശബരിമലയിൽ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം എന്നുണ്ടെങ്കിൽ അത് തുക അനുവദിച്ച മന്ത്രാലയത്തെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. മന്ത്രി പറഞ്ഞു. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ അയ്യപ്പഭക്തരോട് അദ്ദേഹം സൗകര്യങ്ങളെക്കുറിച്ചു ചോദിച്ചു. ശുചിമുറികളുടെ ശോച്യാവസ്ഥയെക്കുറിച്ചും നിലയ്ക്കലിൽ നിന്ന് യഥാസമയം ബസ് വിടാത്തതിനെക്കുറിച്ചും പലരും പരാതി അറിയിച്ചു. ഐടിഡിസി ഡയറക്ടർ കെ.പത്മകുമാറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ. നായരും അദ്ദേഹത്തോടൊപ്പം മല കയറി.