Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രസേന വേണോ എന്നത് സംസ്ഥാനവിഷയം: കണ്ണന്താനം

kannanthanam-car നിലയ്ക്കലിൽ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വാഹനം റോഡിൽ താഴ്ന്നപ്പോൾ അദ്ദേഹം പുറത്തിറങ്ങി തള്ളിക്കയറ്റുന്നു. ചിത്രം: മനോരമ

ശബരിമല ∙ കേന്ദ്രസേനയെ വിളിക്കണമോ എന്നതു സംസ്ഥാനത്തിന്റെ വിഷയമാണെന്നും ക്രമസമാധാനപാലനത്തിനു കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യണമെന്ന് സംസ്ഥാനം തന്നെ തീരുമാനിക്കട്ടെയെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സ്ഥിതി വിലയിരുത്തേണ്ടതു കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. അതിൽ അഭിപ്രായം പറയുന്നില്ല.

പുനഃപരിശോധനാ ഹർജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ യുവതീപ്രവേശ വിധി സംബന്ധിച്ചും അഭിപ്രായം പറയുന്നില്ല. കേന്ദ്രത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ കഴിയുമോ എന്നതു സംബന്ധിച്ച് അറിയില്ല. സന്നിധാനത്ത് ചെല്ലുന്നവർ തീവ്രവാദികളാണെന്ന് പൊലീസും സർക്കാരും വിശ്വസിക്കുന്നതു ശരിയല്ല. വിശ്വാസികളല്ല അക്രമം നടത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്. വിശ്വാസികളെ കണ്ടെത്താൻ അവർ ഡിഎൻഎ ടെസ്റ്റ് പോലെ എന്തെങ്കിലും പരിശോധന നടത്തുന്നുണ്ടോ?

നാമജപം നടത്തിയവരെ ജയിലിൽ അയയ്ക്കുകയാണു ചെയ്യുന്നത്. മൂന്നരക്കോടി ജനങ്ങളെയും സർക്കാർ ജയിലിൽ അയയ്ക്കട്ടെ. സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നും കണ്ണന്താനം ചോദിച്ചു. നാലും അഞ്ചും പേർ ഒന്നിച്ചല്ലാതെ ഓരോരുത്തർ ഒറ്റയ്ക്കാണോ ദർശനത്തിനെത്തുക. ദേവസ്വം ബോർഡിന് എവിടെ നിൽക്കണമെന്ന് അറിയാത്ത സ്ഥിതിയാണ്. മനുഷ്യന് ദുരിതമുണ്ടാക്കുക എന്നതാണ് ബോർഡിന്റെയും സർക്കാരിന്റെയും നിലപാട്. ഇതര സംസ്ഥാനക്കാർ ഒരു പ്രാവശ്യം വന്നാൽ പിന്നെ വരാത്ത സാഹചര്യമാണ് ശബരിമലയിൽ നിലവിൽ സർക്കാർ ഉണ്ടാക്കിയിരിക്കുന്നതെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.