Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരാദുരിതം മൂന്നാംദിനവും; അസൗകര്യങ്ങൾ പരിഹരിക്കാൻ സമിതി

sabarimala-pilgrims-sleeping ശബരിമല സന്നിധാനത്ത് മാളികപ്പുറത്തെ നടപ്പന്തലിലെ ബാരിക്കേഡുകൾക്കിടയിൽ കിടന്നുറങ്ങുന്ന തീർഥാടകർ. ചിത്രം: നിഖിൽരാജ് ∙ മനോരമ

തിരുവനന്തപുരം/ ശബരിമല ∙ മണ്ഡലകാലത്തിനു നട തുറന്നു മൂന്നാം ദിവസവും പൊലീസിന്റെ കടുത്ത നിയന്ത്രണവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം തീർഥാടകരുടെ ദുരിതം തുടരുന്നു. നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുവരുത്തുന്നതായി സംസ്ഥാന പൊലീസ് മേധാവിയുമായുള്ള ചർച്ചയ്ക്കു ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചെങ്കിലും ഇത് എത്രത്തോളം നടപ്പാകുമെന്ന് ആശങ്കയുണ്ട്.

sabarimala-pilgrims-details

നെയ്യഭിഷേകത്തിനുള്ള സമയം പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12.30 വരെയായി നീട്ടിയതായാണു ഡിജിപിയുമായുള്ള ചർച്ചയ്ക്കു ശേഷമുള്ള ദേവസ്വം ബോർഡ് പ്രസിഡ‍ന്റ് അറിയിച്ചത്. പുലർച്ചെ മൂന്നിനു സന്നിധാനത്ത് എത്താനാകുംവിധം എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നു തീർഥാടകരെ കടത്തിവിടും. സന്നിധാനത്തു പകൽ നിയന്ത്രണങ്ങളുണ്ടാകില്ല. കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർക്കും സന്നിധാനത്തു മുറി ബുക്ക് ചെയ്ത് എത്തുന്നവർക്കും രാത്രി താമസിക്കാൻ തടസ്സമില്ല. പമ്പയിൽ 80 ശുചിമുറികൾ കൂടി സ്ഥാപിക്കുമെന്നും അറിയിച്ചു.

സന്നിധാനത്തു വിരിവയ്ക്കാൻ അനുവദിക്കാത്തതു മൂലമുള്ള ദുരിതം രൂക്ഷമാണ്. മുൻപു 15,000 പേരെങ്കിലും വിരിവച്ചിരുന്ന വലിയ നടപ്പന്തൽ, വാവരുനട, താഴെ തിരുമുറ്റം എന്നിവിടങ്ങളിൽ ഇത്തവണ പൊലീസ് തടയുന്നതിനാൽ മാളികപ്പുറത്തുനിന്നു പാണ്ടിത്താവളത്തേക്കുള്ള വഴിയാണു തീർഥാടകർ പകരം കണ്ടെത്തിയിക്കുന്നത്. പന്നിശല്യമുള്ള ഈ ഭാഗത്തുകൂടി പതിവായി ട്രാക്ടറുകളും കടന്നുപോകുന്നു. ഇടിഞ്ഞും ചെളിനിറഞ്ഞും കിടക്കുന്ന സ്ഥലത്ത് അറുപതോളം അയ്യപ്പ ഭക്തർ കഷ്ടപ്പെട്ടു കിടക്കുന്നതാണു കാഴ്ച. ബാക്കി പടികളിലും മറ്റുമായി 500 പേർക്കു പോലും കിടക്കാനോ ഇരിക്കാനോ സ്ഥലമില്ല.

നെയ്യഭിഷേകത്തിനു നിയന്ത്രണമില്ലെന്നു ദേവസ്വം ബോർഡും പൊലീസും പറയുന്നുണ്ടെങ്കിലും ഉച്ചപൂജയ്ക്കു ശേഷം എത്തുന്നവരെ സന്നിധാനത്തു നിർത്താതെ മലയിറക്കുകയാണ്. രാത്രി ഒരു മണിക്ക് വീണ്ടും ക്യൂ നിന്നു മല കയറണമെന്നാണു പൊലീസ് പറയുന്നത്. സന്നിധാനത്തു ഭക്തർ നേരിടുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ ദേവസ്വം കമ്മിഷണർ, എക്സിക്യൂട്ടീവ് ഓഫിസർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തുമെന്നു ം പത്മകുമാർ പറഞ്ഞു. നിലയ്ക്കലിൽ 10,000 പേർക്കു കൂടി സൗകര്യമൊരുക്കും. 600 പുതിയ ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്. 1650 ഉദ്യോഗസ്ഥർക്കു പ്രത്യേക വിശ്രമസൗകര്യം ഒരുക്കി. 25,000 പേർക്ക് പാർക്കിങ് സൗകര്യമുണ്ട്. മണിക്കൂറിൽ 60,000 ലീറ്റർ ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.

രേഖകൾ വൈകുന്നു; സാവകാശ ഹർജി അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ എത്രയും വേഗം സാവകാശ ഹർജി നൽകാൻ ദേവസ്വം ബോർഡ് അഭിഭാഷകന്റെ ശ്രമം. ഇന്നുതന്നെ ഹർജി നൽകാൻ സാധിക്കുമോയെന്നതിൽ വ്യക്തതയില്ല. കാരണം, ആവശ്യമായ രേഖകൾ ഇന്നലെയും ലഭിച്ചിട്ടില്ല. ഹർത്താൽ കാരണം നാട്ടിൽനിന്നു രേഖകൾ അയയ്ക്കുന്നതു വൈകിയതാണു കാരണം.

കടുത്ത നിയന്ത്രണം മാധ്യമങ്ങൾക്കും

മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടുന്നതിലും ഇന്നലെ പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വണ്ടിയിൽ ഒരു പൊലീസുകാരനെ ഒപ്പം വിടാമെന്നും പമ്പയിൽ ഇറങ്ങിക്കഴിഞ്ഞാലുടൻ വണ്ടി തിരികെ നിലയ്ക്കലേക്കു വിടണമെന്നും കർശന നിർദേശം നൽകി. ഓരോ മിനിറ്റിലും മാധ്യമ പ്രവർത്തകരുടെ കാര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ വരുന്നതു പൊലീസിനെയും കുഴക്കുന്നു. ചില മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ സമരക്കാർ പമ്പയിൽ കടക്കുന്നതായി രഹസ്യ വിവരം ഉണ്ടെന്നും അതുകൊണ്ടാണു നിയന്ത്രണമെന്നും പൊലീസ് പറഞ്ഞു.