Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവസന്നാഹവും കടന്ന് പ്രതിഷേധം; സന്നിധാനത്തെ പ്രതിഷേധത്തിൽ പകച്ച് പൊലീസ്

protest-at-sabarimala-2 സന്നിധാനത്ത്, മാളികപ്പുറം നടപ്പന്തലിനു സമീപം ഭക്തർക്ക് വിരിവയ്ക്കാൻ അ‌നുവദിക്കാത്തതിൽ പ്രതിഷേധിച്ച് നടത്തിയ നാമജപം പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ

ശബരിമല∙ കനത്ത പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും സന്നിധാനത്ത് ഇത്രയധികം പേർ നേതാക്കളില്ലാതെ തന്നെ  സംഘടിച്ചത് പൊലീസിനെ ഞെട്ടിച്ചു. സംഘർഷമൊഴിഞ്ഞുപോയെങ്കിലും ഇനിയും പൊലീസിന്റെ അലട്ടുന്നത് ഈ പ്രതിഷേധക്കൂട്ടായമയാണ്. സന്നിധാനത്ത് ഹൈന്ദവ സംഘടനാപ്രതിനിധികൾ കയറുന്നുണ്ടെന്ന സൂചന പൊലീസിനുണ്ടായിരുന്നെങ്കിലും ഇത്തരത്തിൽ യോജിച്ചൊരു നീക്കം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ബിജെപിയുടെയും ശബരിമല കർമ സമിതിയുടെയും നേതാക്കളെ തുടക്കം മുതൽ തന്നെ അറസ്റ്റ് ചെയ്യാനും അവരുടെ സന്നിധാനത്തെ സാന്നിധ്യം ഒഴിവാക്കുന്നതിനും ശ്രദ്ധിച്ചത്. അതിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെയും ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെയും അറസ്റ്റ് ചെയ്തതും. ഇത്തരത്തിൽ നേതാക്കളെ അറസ്റ്റുചെയ്യുന്നുവെന്നു കണ്ടതോടെയാണ് ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാനുള്ള സമര തന്ത്രം ഇന്നലെ ബിജെപി തുറന്നതും. പക്ഷേ അപ്പോഴും സമാന്തരമായി ശബരിമല കർമ സമിതി  പ്രവർത്തകർ ദർശനത്തിന് എത്തുന്നുണ്ടായിരുന്നു.

ആർഎസ്എസ്  നേതാവ് വൽസൻ തില്ലങ്കേരി നേതൃത്വം കൊടുത്തതു പോലെ സംഘടിതമായൊരു നീക്കം സന്നിധാനത്ത് ഉണ്ടാകരുതെന്നു സർക്കാരിനു നിർബന്ധം ഉള്ളതുകൊണ്ടാണ് മണ്ഡലകാലത്ത് ഇത്രയധികം പൊലീസിനെ നിയോഗിച്ചതും മുൻകരുതൽ അറസ്റ്റ് നടപ്പാക്കിയതും. പക്ഷേ മറ്റു തരത്തിൽ പ്രതിഷേധനീക്കവുമായി സംഘടനകൾ മുന്നോട്ടുവരുന്നുവെന്ന സൂചനയാണ് ഇന്നലത്തെ സംഭവത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് പൊലീസ് കാണുന്നത്.