Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രിയിൽ അപ്രതീക്ഷിത പ്രതിഷേധം; സന്നിധാനത്ത് കൂട്ട അറസ്റ്റ്, ക്ലിഫ് ഹൗസിനു മുന്നിലടക്കം പ്രതിഷേധം

Nadapandal-protest ഇന്നലെ രാത്രി പത്തരയോടെ തീർഥാടകർ സന്നിധാനത്തെ വലിയ നടപ്പന്തലിൽ നടത്തിയ നാമജപം. ചിത്രം: നിഖിൽരാജ് ∙ മനോരമ

ശബരിമല ∙ നട തുറന്നു മൂന്നാം ദിവസവും തുടർന്ന കടുത്ത നിയന്ത്രണങ്ങൾക്കൊടുവിൽ രാത്രി പത്തരയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിൽ കുത്തിയിരുന്നു തീർഥാടകരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ചെന്ന പേരിൽ മുന്നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ശബരിമലയിൽ ഇന്നേവരെയില്ലാത്ത ഗുരുതര സ്ഥിതിവിശേഷമാണുണ്ടായത്. അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അർധരാത്രിക്കുശേഷം പ്രതിഷേധം അരങ്ങേറി.

ഹരിവരാസനം ചൊല്ലി നടയടച്ചാൽ എല്ലാവരും മടങ്ങണമെന്ന പൊലീസിന്റെ നിർദേശത്തിനെതിരെ പെട്ടെന്നാണു പ്രതിഷേധം തുടങ്ങിയത്. അന്നദാനമണ്ഡപത്തിനു മുന്നിൽ 2 തീർഥാടകർ ശരണം വിളിച്ചതോടെ മറ്റുള്ളവരും ഓടിയെത്തി ഘോഷയാത്രയായി വലിയ നടപ്പന്തലിലെത്തി. കൂടുതലാരും കടക്കാതെ മൂവായിരത്തോളം പൊലീസുകാർ ഇവർക്കു ചുറ്റുമായി വലയം തീർത്തു.

ഹരിവരാസനം തുടങ്ങിയതോടെ ഭക്തർ നാമജപം നിർത്തി എഴുന്നേറ്റുനിന്നു. ഇതിനു ശേഷം പിരിഞ്ഞുപോകുമെന്നു ശരണം വിളിച്ചുകൊടുത്ത രാജേഷ് എന്ന തീർഥാടകൻ അറിയിച്ചിരുന്നു. 

എന്നാൽ എല്ലാവരും മടങ്ങാൻ തുടങ്ങുമ്പോൾ രാജേഷിനെ അറസ്റ്റ് ചെയ്യുകയാണെന്നു പൊലീസ് അറിയിച്ചു. എങ്കിൽ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നായി മറ്റു തീർഥാടകർ. രാജേഷിനു കവചം തീർത്ത് അവർ ശരണംവിളികളുമായി താഴെ തിരുമുറ്റത്തേക്കു കയറി. അവിടെ പൊലീസ് തടഞ്ഞു. തുടർന്നു പൊലീസ് സ്റ്റേഷനും വാവരുനടയ്ക്കും ഇടയിലുമായി പ്രതിഷേധം തുടർന്നു. ശരണംവിളിക്കുന്നതു തെറ്റാണെങ്കിൽ എല്ലാവരെയും അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടിൽ തീർഥാടകർ ഉറച്ചുനിന്നു. ഇതോടെ പൊലീസ് കൂട്ട അറസ്റ്റിലേക്കു നീങ്ങി. ഏതാനും തീർഥാടകരെ ബലം പ്രയോഗിച്ചാണു കൊണ്ടുപോയത്.

നട തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്നിട്ടും ഇന്നലെ പകൽ തിരക്ക് കഴിഞ്ഞ വർഷത്തെക്കാൾ പകുതിയിൽ താഴെയായിരുന്നു. ദേവസ്വം ബോർഡിന്റെ നിർദേശങ്ങൾ പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. നെയ്യഭിഷേകത്തിനു പിന്നാലെ ശയനപ്രദക്ഷിണത്തിനും ഇന്നലെ പുലർച്ചെ നിയന്ത്രണം ഏർപ്പെടുത്തി. ശയനപ്രദക്ഷിണത്തിനു ഭസ്മക്കുളത്തിൽ മുങ്ങിയെത്തിയവരെ തിരുമുറ്റത്തേക്കു പ്രവേശിപ്പിക്കാതെ പടിഞ്ഞാറേ നടയിൽ തടഞ്ഞു.

പകൽ 11.30 മുതൽ ഒന്നു വരെ പമ്പയിൽനിന്നു മലകയറ്റത്തിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. സന്നിധാനത്ത് വൻതിരക്ക് എന്നാണു കാരണം പറഞ്ഞതെങ്കിലും അപ്പോൾ മൂവായിരത്തിൽ താഴെ ഭക്തർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലയ്ക്കലും തീർഥാടകരെ തടഞ്ഞു. രാത്രി 8 മുതൽ 1.30 വരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു പോകുന്നതും തടഞ്ഞു.