Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതി എത്തുന്നുവെന്നറിഞ്ഞ് ഒത്തുകൂടൽ; ശബരിമലയിലേക്ക് ഇല്ലെന്നറിഞ്ഞ് പിന്മാറ്റം

neelima വിജയവാഡയിൽ നിന്നുള്ള ദമ്പതികൾ എരുമേലിയിൽ എത്തിയപ്പോൾ.

എരുമേലി ∙ വിജയവാഡയിൽ നിന്നുള്ള യുവതി ഭർത്താവിനൊപ്പം ശബരിമല ദർശനത്തിന് എത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഭക്തസംഘടനകളുടെ നേതൃത്വത്തിൽ ഒത്തുകൂടിയ വിശ്വാസികൾ, ഇവർ ശബരിമലയിലേക്കില്ലെന്ന് അറിഞ്ഞതോടെ പിന്മാറി. വിജയവാഡ സ്വദേശികളായ കിരൺകുമാർ (44), ഭാര്യ നീലിമ (39) എന്നിവരാണ് എരുമേലിയിൽ എത്തിയത്. ശബരിമല ദർശനമല്ല തങ്ങളുടെ ലക്ഷ്യമെന്നും കേരളത്തിലെ ക്ഷേത്രങ്ങളിൽ തീർഥാടനം നടത്തുക മാത്രമാണ് ഉദ്ദേശ്യമെന്നും ദമ്പതികൾ അറിയിച്ചതോടെ വിശ്വാസികൾ പിന്മാറി.

കിരൺകുമാറും നീലിമയും കോട്ടയത്തു കെഎസ്ആർടിസി പമ്പ സ്പെഷൽ ബസിൽ കയറി എരുമേലിക്കു ടിക്കറ്റ് എടുത്തതായി ഭക്തസംഘടനാ പ്രവർത്തകർക്കു രാവിലെ 11നു വിവരം ലഭിച്ചു. ഇതോടെ സ്ത്രീകൾ അടക്കമുള്ളവർ എരുമേലി ഡിപ്പോ പരിസരത്ത് ഒത്തുചേർന്നു. ഉച്ചയ്ക്കു ബസിൽ നിന്ന് ഇരുവരും എരുമേലി ഡിപ്പോയിൽ ഇറങ്ങി. ബസിൽ നിറയെ തീർഥാടകർ ഉണ്ടായിരുന്നു.

ബസ് ഇറങ്ങിയപ്പോൾത്തന്നെ ഇരുവരും തങ്ങൾ ശബരിമലയ്ക്കു പോകാൻ വന്നതല്ലെന്നു പൊലീസുകാരോടും നാട്ടുകാരോടും പറഞ്ഞു. തുടർന്ന് ഇരുവരും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. മധുസൂദനൻ, എരുമേലി സിഐ ടി.ഡി. സുനിൽ‌കുമാർ, എസ്ഐ ടി.ശ്രീജിത്ത് എന്നിവരുടെ അകമ്പടിയോടെ രാജാപ്പാലം, ദേവസ്വം പാർക്കിങ് മൈതാനം വഴി നടപ്പന്തലിലെത്തി. ധർമശാസ്താ ക്ഷേത്രത്തിൽ ദർശനവും നടത്തി. ഇതിനിടെ കുറച്ചു പേർ നടപ്പന്തലിൽ ഇരുന്നു നാമജപ പ്രാർഥന നടത്തി. ദമ്പതികൾ ചെങ്ങന്നൂരിലേക്കു മടങ്ങി.