Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: പൊലീസ് അതിക്രമം അനുവദിക്കാനാകില്ലെന്ന് െഹെക്കോടതി

Nilakkal Police | Sabarimala Protest

കൊച്ചി ∙ ശബരിമലയിൽ പൊലീസിന്റെ അമിത ഇടപെടൽ പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. സുപ്രീം കോടതി വിധിയുടെ പേരിൽ പൊലീസ് അതിക്രമം അനുവദിക്കാനാവില്ല. നിയന്ത്രണങ്ങൾ അന്യായമെന്നു കണ്ടാൽ നീക്കം ചെയ്യും. പൊലീസ് ഇരിക്കേണ്ടതു ബാരക്കിലാണ്, ഭക്തർക്ക് അവകാശപ്പെട്ട ഇടങ്ങളിലല്ലെന്നും കോടതി പറഞ്ഞു.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ പൊലീസ് നിയന്ത്രണങ്ങൾ കാരണം വെള്ളമോ ആഹാരമോ വാഹനമോ കിട്ടാതെ തീർഥാടകർ വലയുന്നു. കടകളും ഹോട്ടലുകളുമില്ല. കെഎസ്ആർടിസി ബസുകൾ തടയുന്നു. സാന്നിധാനത്തും നടപ്പന്തലിലും മറ്റും വിരി വയ്ക്കാതിരിക്കാൻ വെള്ളം പമ്പു ചെയ്യുന്നതു വരെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ശാരീരിക ബുദ്ധിമുട്ടുകളുള്ളവരെയും സന്നിധാനത്തു തങ്ങാൻ അനുവദിക്കണം. സന്നിധാനത്തും നടപ്പന്തലിലും എത്ര പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്ന് അറിയിക്കണം. ദൂരെ നിന്നെത്തുന്ന തീർഥാടകരെ തങ്ങാൻ അനുവദിക്കണം. നെയ്യഭിഷേകത്തിനു ടിക്കറ്റ് എടുത്തവരെ തിരിച്ചയയ്ക്കരുത്. 24 മണിക്കൂറും കെഎസ്ആർടിസി ചെയിൻ സർവീസ് ഉറപ്പാക്കണം.

child ശബരിമല സന്നിധാനത്തിൽ പതിനെട്ടാംപടി കയറിയെത്തിയ ബാലികയുടെ ആഹ്ലാദം.‌ ചിത്രം: ആർ.എസ്. ഗോപൻ ∙ മനോരമ

ക്രമസമാധാനം വേറെ വിഷയമാണെന്നും അതുറപ്പാക്കാൻ പൊലീസിനു പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി. ആളുകളുടെ ഉറക്കം ഇല്ലാതാക്കി തിരിച്ചയച്ചും സന്നിധാനം അപ്പാടെ ഒഴിപ്പിച്ചുമല്ല ക്രമസമാധാനം ഉറപ്പാക്കേണ്ടത്. ആ വെല്ലുവിളി പൊലീസ് ഏറ്റെടുക്കണം. സർക്കാരിന്റെ ഭാഗത്തു വീഴ്ച കണ്ടാൽ നടപടിയുണ്ടാകുമെന്നു പറഞ്ഞ കോടതി, സന്നിധാനത്തെ നിയന്ത്രണങ്ങളും കാരണങ്ങളും വിശദീകരിച്ചു ഡിജിപി സത്യവാങ്മൂലം നൽകണമെന്നു നിർദേശിച്ചു. നടപ്പന്തലിൽ പൊലീസ് നടപടി വേണ്ടിവന്ന സാഹചര്യവും ആരുടെ നിർദേശപ്രകാരമായിരുന്നു നടപടിയെന്നും വിശദീകരിക്കണം. നിയന്ത്രണങ്ങൾ ഓരോന്നും പരിശോധിച്ച് ന്യായമാണോ എന്നു കോടതി വിലയിരുത്തും.

സംഘമായി എത്തണം: ബിജെപി സർക്കുലർ ഹാജരാക്കി എജി

ശബരിമലയിൽ സംഘമായി എത്തണമെന്നു ബിജെപി സർക്കുലറുണ്ടെന്നു ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ. ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കൾക്കു ചുമതല നൽകി, 3 നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരെ ശബരിമലയിലെത്തിച്ചു പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടി സർക്കുലർ ഹാജരാക്കുകയും ചെയ്തു. കഴിഞ്ഞ ഞായർ മുതൽ ഡിസംബർ 15 വരെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളും നേതൃത്വം വഹിക്കേണ്ട നേതാക്കളുടെ പേരുകളും സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പുറത്തിറക്കിയ സർക്കുലറിലുണ്ട്.

അറസ്റ്റിലായത് ഭക്തരല്ല: മുഖ്യമന്ത്രി

കോഴിക്കോട് ∙ ശബരിമലയിൽ അറസ്റ്റിലായതു ഭക്തരല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സന്നിധാനത്തു പ്രശ്നമുണ്ടാക്കാൻ ആർഎസ്എസ് സംഘം തയാറെടുത്തിരുന്നു. ചിലർ എത്തി, ചിലർ വഴിയിലായിരുന്നു, ചിലർ പുറപ്പെട്ടിരുന്നു. അവരുടെ പദവികൾ പുറത്തുവരുന്നുണ്ട്. സന്നിധാനത്തു സംഘർഷമുണ്ടാക്കുക എന്നൊരു ലക്ഷ്യമേ അവർക്കുള്ളൂ.

ഭക്തരെ അറസ്റ്റ് ചെയ്തെന്നാണു ചിലർ പ്രചരിപ്പിക്കുന്നത്. ഓരോ ജില്ലയ്ക്കും ചുമതല കൊടുത്ത് ആർഎസ്എസുകാരെ അങ്ങോട്ട് അയയ്ക്കുകയാണ്. മുൻകൂട്ടി തീരുമാനിച്ചാണു കാര്യങ്ങൾ നടപ്പാക്കുന്നത്. ആരാണു കുഴപ്പമുണ്ടാക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടമായ സന്നിധാനത്ത് അശാന്തി പടർത്താനുള്ള ശ്രമമാണു കുഴപ്പങ്ങൾക്കു പിന്നിൽ. വിശ്വാസികൾക്കൊപ്പമാണു സർക്കാർ. സ്ത്രീകളെ സന്നിധാനത്തേക്കു കൊണ്ടുപോകണമെന്നു സർക്കാരിനു പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് മുഖ്യമന്ത്രി വിശദീകരണം നൽകും

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ പൊലീസിനെ ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ ഗവർണർ പി. സദാശിവത്തെകണ്ടു കാര്യങ്ങൾ വിശദീകരിക്കും. ഇന്നലെ മുഖ്യമന്ത്രി കോഴിക്കോട്ട് ആയതിനാൽ കൂടിക്കാഴ്ച നടന്നില്ല. രാത്രി വൈകിയാണ് അദ്ദേഹം തലസ്ഥാനത്തു മടങ്ങിയെത്തിയത്. ശബരിമല കർമസമിതി നൽകിയ പരാതി മുഖ്യമന്ത്രിയെ കാണുമ്പോൾ ഗവർണർ കൈമാറും. ശബരിമല സംബന്ധിച്ച ഒട്ടേറെ പരാതികളാണു ഗവർണർക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവയും ചർച്ചാ വിഷയമാകും. അതേസമയം, സുരക്ഷാ കാരണങ്ങളാൽ ഗവർണർ ഉടൻ ശബരിമല സന്ദർശിക്കില്ല.

ഹൈക്കോടതി നിരീക്ഷണങ്ങൾ സർക്കാരിനേറ്റ അടി: കർമസമിതി

തിരുവനന്തപുരം ∙ ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ സംസ്ഥാന സർക്കാരിന്റെ കരണത്തേറ്റ അടിയാണെന്നു ശബരിമല കർമസമിതി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സുരക്ഷയുടെ പേരിൽ പൊലീസ് നടത്തുന്ന കിരാത നടപടികൾ അവസാനിപ്പിക്കണമെന്നു സംസ്ഥാന കോ ഓർഡിനേറ്റർ എസ്.ജെ. ആർ. കുമാർ ആവശ്യപ്പെട്ടു. സന്നിധാനത്ത് 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല. മാരകായുധങ്ങളും വെടിക്കോപ്പുകളുമായി ഒരു ഭക്തൻ പോലും ഇതുവരെ ശബരിമല സന്ദർശിച്ചിട്ടില്ല. പൊലീസും ദേവസ്വം ബോർഡും തന്ത്രിയും നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും ആചാരങ്ങളും ആരും ലംഘിച്ചിട്ടില്ലെന്നും കുമാർ ചൂണ്ടിക്കാട്ടി.