Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ സഹായത്തോടെ പണിത 10,000 വീടുകൾ ‘കാണാതായി’

Representational image

കൊല്ലം ∙ സർക്കാർ സഹായത്തോടെ നിർമാണം തുടങ്ങിയെന്നു പറയുന്ന പതിനായിത്തിലേറെ വീടുകൾ ‘കാണാനില്ല’. ധനസഹായം കൈപ്പറ്റിയ ശേഷം വീടു നിർമിക്കാത്ത ഗുണഭോക്താക്കളെ കണ്ടെത്താൻ ലൈഫ് മിഷൻ നടപടി തുടങ്ങി.

വിവിധ പദ്ധതികൾ വഴിയുള്ള ധനസഹായത്തിലൂടെ പണി തുടങ്ങിയെങ്കിലും വീട് പൂർത്തിയാക്കാത്ത 56,000 ഗൂണഭോക്താക്കൾ ഉണ്ടെന്നാണു ലൈഫ് മിഷന്റെ കണക്ക്. ഇവർക്കു വീട് പൂർത്തിയാക്കാൻ സഹായം നൽകാനാണു മിഷൻ ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടത്. അടുത്തിടെ നടത്തിയ പരിശോധനയിൽ 46,000 വീടുകൾ മാത്രമാണ് ഇങ്ങനെ നിർമിച്ചതെന്നു കണ്ടെത്തി. ബാക്കി കണ്ടെത്താനാകുന്നില്ല. അനർഹർ ധനസഹായം കൈപ്പറ്റുകയോ വീട് നിർമിക്കാതെ പണം ധൂർത്തടിച്ചുകളയുകയോ ചെയ്തിട്ടുണ്ടെന്നാണു സർക്കാർ നിഗമനം. ഇത്തരക്കാരെ കണ്ടെത്തി പണം പലിശ സഹിതം തിരികെപ്പിടിക്കാൻ സർക്കാർ നിർദേശം നൽകി. വീട് പൂർത്തിയാക്കാൻ ലൈഫ് മിഷൻ വഴി ഒരു ഗഡു കൂടി ധനസഹായം വാങ്ങിയിട്ടും പണി നടത്താത്തവർക്കെതിരെ കർശന നടപടി വേണമെന്നും നിർദേശമുണ്ട്. ഇത്തരക്കാരെ ഇനി ഒരു ഭവനപദ്ധതിയിലും പരിഗണിക്കില്ല. അനർഹരുടെ കടന്നുകയറ്റം രണ്ടാം ഘട്ടത്തിലും തുടർന്നെന്നാണു ലൈഫ് മിഷന്റെ കണക്ക്.

സ്ഥലമുണ്ടെങ്കിലും വീടില്ലാത്തവരായി 1,84,000 പേരുടെ പട്ടികയാണു രണ്ടാംഘട്ടത്തിലേക്കു ലൈഫ് മിഷൻ തയാറാക്കിയത്. പിന്നീട് സൂക്ഷ്മപരിശോധനയിൽ ഇത് 76,000 ആയി കുറഞ്ഞു. റേഷൻകാർഡില്ല എന്ന പേരിൽ ഏറെപ്പേർ ഒഴിവാക്കപ്പെട്ടു. ഇവരുടെ പട്ടിക ഒരു കാർഡിലും പേരില്ലാത്തവരായി സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തിയവരുടെ പട്ടികയുമായി ഒത്തുനോക്കി അർഹത ഉറപ്പാക്കി സഹായം നൽകണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതർക്കുള്ള ഭവന ധനസഹായ പദ്ധതി മുടങ്ങാതിരിക്കാൻ സഹകരണ ബാങ്കുകളിൽ നിന്നടക്കം ധനസമാഹരണം നടത്തുന്നതിനു ‘ബ്രിജ് ലോൺ’ സംവിധാനം ആവിഷ്കരിക്കാനും സർക്കാർ തീരുമാനിച്ചു.