Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസ്വം ബോർഡ് തേടുന്നു, അനിശ്ചിതകാല സാവകാശം

Sabarimala-Thathwamasi ശബരിമല സന്നിധാനം. ചിത്രം: മനോരമ

ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കുന്നത് അനിശ്ചിതകാലത്തേക്കു നീട്ടിവയ്ക്കണമെന്ന അപേക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. വനഭൂമി വിട്ടുകിട്ടി ശബരിമലയിലും പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ വിധി നടപ്പാക്കാനാവില്ലെന്നാണ് അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. 

പരിസ്ഥിതി വിഷയങ്ങൾക്കായി സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് (സിഇസി) വനഭൂമിക്കാര്യം തീരുമാനിക്കേണ്ടത്. വനഭൂമി കൂടുതലായി വിട്ടുകൊടുക്കുന്നിനോട് സിഇസി യോജിക്കുന്നില്ല. ഇക്കാര്യത്തിൽ കോടതി തീർപ്പു കൽപിച്ചാൽ മാത്രമേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാകൂ. എങ്കിൽ മാത്രമേ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ പറ്റൂ എന്നും ബോർഡ് വ്യക്തമാക്കുന്നു. 

സുപ്രീം കോടതി വിധി കേരളത്തിൽ ഗുരുതര ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കിയിട്ടുണ്ടെന്നും പറയുന്നു. അഭിഭാഷകൻ പി.എസ്. സുധീർ മുഖേന നൽകിയ അപേക്ഷയിലെ മറ്റു പ്രധാന കാര്യങ്ങൾ ഇങ്ങനെ: 

∙ യുവതീപ്രവേശ വിധി എല്ലാ അർഥത്തിലും നടപ്പാക്കാൻ ബോർഡിന് ബാധ്യതയുണ്ട്. വിധിക്കനുസൃതമായ നടപടികൾക്കു പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാലാണു നടപ്പാക്കാൻ സമയം ചോദിക്കുന്നത്. 

∙ പമ്പയിലെ തീർഥാടക സൗകര്യങ്ങൾ പ്രളയത്തിൽ പൂർണമായി നശിച്ചു. പമ്പയിൽ സിഇസി സ്ഥിരസ്വഭാവമുള്ള നിർമാണം അനുവദിക്കാത്തതിനാൽ ബേസ് ക്യാംപ് നിലയ്ക്കലേക്കു മാറ്റി. അവിടെയും സൗകര്യം പൂർണ തോതിലായിട്ടില്ല. 

∙ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെങ്കിൽ ശബരിമലയിലും പമ്പയിലും നിലയ്ക്കലും ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം. നടപടി തുടങ്ങിയെങ്കിലും സമയക്കുറവും സിഇസിയുടെ എതിർപ്പും തടസ്സമായി. 

∙ വനഭൂമി വിട്ടുനൽകണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. നിർമാണങ്ങൾ തടയണമെന്നു കോടതിക്കു സിഇസി റിപ്പോർട്ട് നൽകിയത് ഇപ്പോഴത്തെ തീർഥാടനകാലത്തിനു തൊട്ടുമുൻപാണ്. ഇപ്പോൾ ആയിരത്തോളം സ്ത്രീകൾ ദർശനത്തിനു റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനനുസരിച്ചുള്ള അധിക സൗകര്യം നൽകാവുന്ന സ്ഥിതിയല്ല ഇപ്പോൾ.  

സുപ്രീം കോടതി വിധിയല്ലേ, എന്തുപറയും: രാജ്നാഥ് 

ശബരിമല വിഷയത്തെക്കുറിച്ച് കേരള ഗവർണർ പി. സദാശിവവുമായി ചർച്ച നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ‘‘ചിലരുടെ വികാരം മുറിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗവർണറുമായി സംസാരിച്ചിരുന്നു. സുപ്രീം കോടതി വിധിയല്ലേ, നമുക്കെന്താണു പറയാനാവുക ? ഇക്കാര്യത്തിൽ എന്തെല്ലാം ചെയ്യേണ്ടതുണ്ടോ, അതെല്ലാം ചെയ്യേണ്ടത് സംസ്ഥാനമാണ്’’ – ഒരു ഇംഗ്ലിഷ് സാമ്പത്തിക ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ രാജ്നാഥ് പറഞ്ഞു.