Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണയസ്വർണം കവർന്ന കേസ്: ബാങ്ക് ഓഫിസർക്കായി അന്വേഷണം മുറുകി

Sisymol, Sajith സിസിമോൾ, സജിത്

ആലുവ∙ യൂണിയൻ ബാങ്ക് ശാഖയിൽനിന്നു 2 കോടി 30 ലക്ഷം രൂപയുടെ പണയസ്വർണം തട്ടിയെടുത്ത അസി. മാനേജർ കറുകുറ്റി മരങ്ങാടം കരുമത്തി വീട്ടിൽ സിസിമോളും ഭർത്താവ് കളമശേരി സ്വദേശി സജിത്തും രാജ്യം വിടുന്നതു തടയാൻ പൊലീസ് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. ബെംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞ ഇവർ കീഴടങ്ങാൻ വരുന്നുവെന്ന സൂചനയെത്തുടർന്നു പൊലീസ് 2 ദിവസം കാത്തിരുന്നെങ്കിലും എത്തിയില്ല.ഇതിനിടെയാണ് ബന്ധുക്കൾ മുഖേന വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്. നിലവിൽ സിസിമോളെ (35) മാത്രമേ കേസിൽ പ്രതിയാക്കിയിട്ടുള്ളൂ.  ഭാര്യയെ തട്ടിപ്പിനു പ്രേരിപ്പിക്കുകയും സ്വർണം വിറ്റ പണം ഓഹരിവ്യാപാരത്തിൽ നിക്ഷേപിക്കുകയും ചെയ്ത് സജിത്തും തട്ടിപ്പിൽ പങ്കാളിയായെന്നു സിഐ വിശാൽ ജോൺസൺ പറഞ്ഞു. കൊച്ചിയിൽ ഓഹരി വ്യാപാരസ്ഥാപനത്തിൽ ഉദ്യോഗസ്ഥനായിരുന്നു സജിത്.

സ്വന്തം സ്ഥാപനം തുടങ്ങിയപ്പോൾ പണത്തിനു ഭാര്യയുടെ ജോലി ദുരുപയോഗിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആലുവ ശാഖയിൽ 3 വർഷമായി ജോലി ചെയ്യുന്ന സിസിമോൾ കഴിഞ്ഞ ഒരു വർഷത്തിനിടെയാണു 128 ഇടപാടുകാരുടെ 8,852 ഗ്രാം സ്വർണം തട്ടിയെടുത്തത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ച കവറുകളിൽ സ്വർണത്തിനു പകരം ഇവർ വച്ചതു തുല്യതൂക്കത്തിലുള്ള കുപ്പിവളകളും പ്ലാസ്റ്റിക് വസ്തുക്കളുമാണ്.വെള്ളിയാഴ്ച സിസിമോൾ ബാങ്കിന്റെ പരിശീലനത്തിനു പോയപ്പോൾ ഒരാൾ പണയവസ്തു തിരിച്ചെടുക്കാനെത്തി. കവർ തുറന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് സ്വർണത്തിനു പകരം പ്ലാസ്റ്റിക് സാധനങ്ങൾ കണ്ടത്. സിസിമോളെ ബാങ്കിലേക്കു വിളിച്ചുവരുത്തി. സ്വർണം എടുത്തുവെന്നു സമ്മതിച്ച സിസിമോൾ ബാങ്കിൽ നിന്നിറങ്ങി ഫോൺ സ്വിച്ച് ഓഫാക്കി കടന്നുകളയുകയായിരുന്നു. ബാങ്ക് അധികൃതർ അപ്പോൾ പൊലീസിനെ അറിയിച്ചില്ല. പിറ്റേന്നു വൈകിട്ടാണ് പരാതി നൽകിയത്.സിഐയുടെ നേതൃത്വത്തിൽ എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരാണു കേസ് അന്വേഷിക്കുന്നത്.

related stories