Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ സംഘം മടങ്ങിയത് സമയം മതിയാവില്ലെന്നു പറഞ്ഞ്; മടങ്ങിയത് 110 അംഗ സംഘം

mumbai-team-returns മുംബൈയിൽ നിന്നുള്ള തീർഥാടക സംഘം എരുമേലിയിൽ എത്തിയപ്പോൾ.

എരുമേലി ∙ മുംബൈ കല്യാണിൽ നിന്നുള്ള 110 അംഗ തീർഥാടക സംഘം എരുമേലി വരെയെത്തിയശേഷം ശബരിമല ദർശനം നടത്താതെ മടങ്ങി. 50 മലയാളികളും കൂട്ടത്തിലുണ്ട്. സന്നിധാനത്ത് 6 മണിക്കൂറിലധികം തങ്ങാൻ അനുവദിക്കില്ലെന്നു കേട്ടാണു മടങ്ങാൻ തീരുമാനിച്ചത്. വിവരമറിഞ്ഞു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. മധുസൂദനൻ ഗുരുസ്വാമി പുതുക്കോടു ബാലസുബ്രഹ്മണ്യത്തെ കണ്ടു സഹായം വാഗ്ദാനം ചെയ്തു. 6 മണിക്കൂർ നിയന്ത്രണം പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുള്ളവർക്കു മാത്രമാണുള്ളതാണെന്നും സാധാരണ തീർഥാടകർക്കു ബാധകമല്ലെന്നും അറിയിച്ചു. എന്നാൽ വഴിപാടുകൾ നടത്താൻ ചുരുങ്ങിയത് 24 മണിക്കൂർ വേണമെന്നും ഇപ്പോഴത്തെ നിയന്ത്രണത്തിൽ ആശങ്കയുണ്ടെന്നും അറിയിച്ചു സംഘം ആര്യങ്കാവിലേക്കു പോയി. അവിടെ നാളികേരം ഉടച്ചു നെയ്യഭിഷേകം നടത്തിയ ശേഷം ശൃംഗേരിയിൽ ദർശനം നടത്തി മടങ്ങുമെന്നും അറിയിച്ചു.

രണ്ടു വയസ്സു മുതൽ 80 വയസ്സു വരെയുള്ളവർ സംഘത്തിലുണ്ട്. 13 മാളികപ്പുറങ്ങളും 33 കന്നി അയ്യപ്പൻമാരുമുണ്ട്. 18 വർഷം തുടരെ ദർശനം നടത്തിയിട്ടുള്ള ഒരാൾ തെങ്ങിൻതൈ കരുതിയിരുന്നു. 33,000 രൂപ നൽകി സന്നിധാനത്തു 12 മുറികളും ബുക്ക് ചെയ്തിരുന്നു. നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസി ബസ് യാത്രയ്ക്കും റിസർവേഷനുണ്ടായിരുന്നു. കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സ്വദേശികളും ഉൾപ്പെടുന്ന സംഘം വർഷങ്ങളായി ശബരിമല ദർശനം നടത്തുന്നുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി ഇവരുമായി ചർച്ച നടത്തി. 

തീർഥാടകർക്ക് നിയന്ത്രണമില്ല

തീർഥാടകർക്കു സമയനിയന്ത്രണമില്ലെന്നും മുൻപ് അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടതിനാലും മറ്റും ഇന്റലിജൻസ് റിപ്പോർട്ടിൽ പേരുള്ളവർക്കു മാത്രമാണ് 6 മണിക്കൂർ നിയന്ത്രണമെന്നും ശബരിമല സ്പെഷൽ പൊലീസ് ഓഫിസർ യതീഷ് ചന്ദ്ര അറിയിച്ചു.