Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്ത് പകൽ നിയന്ത്രണത്തിൽ ഇളവ്; രാത്രി യാത്രാ നിയന്ത്രണം തുടരുന്നു

sabarimala-temple-1

നിലയ്ക്കൽ∙ അയ്യപ്പ ഭക്തർക്കു പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നു പൊലീസ് ആവർത്തിക്കുമ്പോഴും രാത്രി യാത്രാ നിയന്ത്രണം തുടരുന്നു. രാത്രി 8നു ശേഷവും കെഎസ്ആർടിസി ബസുകൾ കടത്തി വിടുമെന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെയും രാത്രി 8 ന് ബസുകൾ തടഞ്ഞു. അതേ സമയം രാത്രി മറ്റു സ്ഥലങ്ങളിൽനിന്ന് എത്തുന്ന കെഎസ്ആർടിസി ബസുകൾ  നിലയ്ക്കലിൽനിന്ന് തടസ്സമില്ലാതെ പമ്പയ്ക്കു വിടുന്നുണ്ട്. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിനു മാത്രമാണ് നിയന്ത്രണം.

സന്നിധാനത്തേക്കു തീർഥാടകർക്കു പകൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവു വരുത്തിയതായി അധികൃതർ അറിയിച്ചു. പകൽ 11.30 മുതൽ 2 വരെയുള്ള നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി പമ്പ– നിലയ്ക്കൽ  റൂട്ടിലെ പകൽ നിയന്ത്രണവും ഒഴിവാക്കി. 

എന്നാൽ രാത്രി 9.30 മുതൽ 2 വരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് ഇപ്പോഴും ആരെയും കടത്തിവിടുന്നില്ല. രാത്രി 10 മുതൽ 12 വരെ കെഎസ്ആർടിസി പമ്പ–നിലയ്ക്കൽ സർവീസുമില്ല. രാത്രി സന്നിധാനത്തും നടപ്പന്തലിലും ആരും തങ്ങാതിരിക്കാനുള്ള നിയന്ത്രണമാണിത്.

വാവരുനടയിലെ നിയന്ത്രണവും പൊലീസ് മാറ്റിയില്ല. കാവൽ നിൽക്കുന്ന പൊലീസ് സമ്മതിച്ചാൽ മാത്രമേ അവിടേക്കു പോകാനാകൂ. തൊഴുത് ഉടൻ മടങ്ങണമെന്നും ശരണംവിളിക്കരുതെന്നുമുള്ള നിബന്ധനകളോടെയാണു കടത്തിവിടുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും വലിയ നടപ്പന്തലിൽ ഇടം

ശബരിമല ∙ സന്നിധാനത്തെ വലിയ നടപ്പന്തൽ സ്ത്രീകൾക്കും കുട്ടികൾക്കും അവശത അനുഭവിക്കുന്ന മറ്റു തീർഥാടകർക്കുമായി തുറന്നുകൊടുക്കും. ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ നിർദേശം നടപ്പാക്കാൻ ‍ഡിജിപി നിർദേശം നൽകി. ഇന്നലെ രാത്രി വൈകി നടപ്പന്തൽ തുറന്നുകൊടുത്തപ്പോൾ തീർഥാടകരുണ്ടായിരുന്നില്ല. ഇന്നു രാവിലെയോടെ വലിയ നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമത്തിന് അനുമതി ഉണ്ടാകുമെന്നു ഗവ. പ്ലീഡർ ടി.കെ.അനന്തകൃഷ്ണന് ഐജി വിജയ് സാക്കറെ ഉറപ്പു നൽകി. വെള്ളിയാഴ്ചയോടെ പഴയതുപോലെ എല്ലായിടത്തും വിരി വയ്ക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും പ്ലീഡർ പറഞ്ഞു.

വലയ്ക്കുന്ന നിയന്ത്രണങ്ങൾ,  ഇല്ലായ്മകൾ

നിലയ്ക്കൽ

∙ നിലയ്ക്കലിൽ ഹോട്ടലുകൾ കുറവായതിനാൽ ഭക്ഷണം പ്രശ്നമാണ്. ദേവസ്വം ബോർഡിന്റെ അന്നദാനവുമില്ല.

∙ നിലയ്ക്കലിൽ കയറിനിൽക്കാൻ സൗകര്യമില്ല. മഴ വന്നാൽ നനയേണ്ടിവരും.

∙ നിലയ്ക്കൽ–പമ്പ ബസുകൾക്ക്  ഇടയ്ക്കിടെ അപ്രതീക്ഷിത നിയന്ത്രണം

പമ്പ

∙ പമ്പയിൽ ശുചിമുറികൾ ഇല്ല. പമ്പാമണൽപ്പുറം മലിനമാകുന്നു.

∙ പമ്പാ മണൽപ്പുറത്തു ശുദ്ധജലത്തിനു വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചിട്ടില്ല.

∙ പമ്പയിൽ ഹോട്ടലുകളില്ല. ദേവസ്വം ബോർഡിന്റെ അന്നദാനം തുടങ്ങിയിട്ടില്ല. സന്നദ്ധ സംഘടനകളെ അന്നദാനത്തിന് അനുവദിക്കുന്നുമില്ല.

സന്നിധാനം

∙ സന്നിധാനത്തെ സൗജന്യ ശുചിമുറികൾക്ക് വാതിലുകളില്ല. വെള്ളവുമില്ല.

∙ രാത്രിയിൽ നട അടച്ച ശേഷം ശയനപ്രദിക്ഷണത്തിന് അവസരം ലഭിക്കുന്നില്ല.

∙ നിയന്ത്രണങ്ങൾ മടക്കയാത്രയെയും ബാധിക്കുന്നു. തിരിച്ചുള്ള ട്രെയിൻ, വിമാന ടിക്കറ്റുകൾ റദ്ദാക്കേണ്ടി വരുന്നു.