Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീകൾക്ക് സുരക്ഷ: പൊലീസ് നിർദേശം സന്യാസിനീസഭ തള്ളി

Nun Protest

ന്യൂഡൽഹി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കും ഒപ്പമുള്ള അഞ്ചുപേർക്കും സുരക്ഷ ഒരുക്കണമെന്ന പൊലീസിന്റെ ആവശ്യം മിഷനറീസ് ഓഫ് ജീസസ് സന്യാസിനീസഭ തള്ളി. പൊലീസ് നിർദേശിച്ച സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ലെന്നും അധികാരമില്ലെന്നും വ്യക്തമാക്കിയ സന്യാസിനീസഭ, ആവശ്യമെങ്കിൽ അവരെ സർക്കാർ നിയന്ത്രണത്തിലുള്ള സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാമെന്നും വ്യക്തമാക്കി. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയും സമരം ചെയ്ത കന്യാസ്ത്രീകളും താമസിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ വർധിപ്പിക്കാനാണ് പൊലീസ് തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തിലാണ് മഠത്തിന്റെ ചുമതലയുള്ള മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയർ ജനറ‌ലിനു പൊലീസ് കത്തു നൽകിയത്. പ്രവേശനകവാടത്തിലടക്കം സിസിടിവി ക്യാമറ, കൂടുതൽ ലൈറ്റുകൾ, കിണറിന് ആൾമറ, കോൺവന്റ് വളപ്പിലെ മരങ്ങൾ മുറിക്കണം തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ. താക്കോലിന്റെ പകർപ്പ് പരാതിക്കാരിയായ കന്യാസ്ത്രീക്കും നൽകണമെന്നും നിർദേശിച്ചിരുന്നു. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറ മരിച്ചതുമായി ബ‌ന്ധപ്പെട്ട ആരോപണങ്ങൾക്കിടയായിരുന്നു പൊലീസിന്റെ നീക്കം.

പൊലീസിന്റെ നിർദേശങ്ങളിൽ ചിലതു മഠത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സന്യാസിനീസഭ അറിയിച്ചു. അതേസമയം, സുരക്ഷ പ്രശ്നമാകുമെങ്കിൽ അവരുടെയും കോടതിയുടെയും അനുമതിയോടെ സർക്കാർ നിയന്ത്രണത്തിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാമെന്നും മറു‌പടിയിലുണ്ട്.

related stories