Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടേത് പബ്ലിസിറ്റി സർക്കാർ: ശശി തരൂർ

shashi-tharoor-burkka-dutta വീക്ക് മാഗസിൻ കൊച്ചിയിൽ സംഘടിപ്പിച്ച ‘ദ് ടൗൺഹാൾ’ അഭിമുഖ പരിപാടിയിൽ ശശി തരൂർ എംപിയും പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തും. ചിത്രം: മനോരമ

കൊച്ചി ∙ പാർലമെന്ററി ഭരണ സമ്പ്രദായത്തെ പ്രസിഡന്റ് ഭരണ രീതിയാക്കി മാറ്റാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നു ശശി തരൂർ എംപി. ദ് വീക്ക് ഇംഗ്ലിഷ് വാരിക ഫെഡറൽ ബാങ്കുമായി സഹകരിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച ‘ദ് ടൗൺഹാൾ’ അഭിമുഖ പരിപാടിയിൽ, പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തുമായി സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഭരണരീതിയോടു യോജിപ്പുണ്ട്. പക്ഷേ, അവിടെ നിയമനിർമാണസഭകളും ഉദ്യോഗസ്ഥവൃന്ദവും നീതിന്യായ സംവിധാനങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കണം.

നരേന്ദ്ര മോദി ഭരണത്തിൽ അങ്ങനെയല്ല. അദ്ദേഹം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു. മന്ത്രിമാരെ മറികടന്നു പ്രവർത്തിക്കുന്നു. അമിതാധികാര കേന്ദ്രീകരണമാണു മോദി നടപ്പാക്കുന്നത്. സ്വച്ഛഭാരത് പോലുള്ള പദ്ധതികൾ മോദി കൊട്ടിഘോഷിക്കുന്നു. എന്നാൽ, മുൻ യുപിഎ സർക്കാർ വകയിരുത്തിയതിനേക്കാൾ കുറഞ്ഞ തുകയാണു ശുചീകരണ പദ്ധതികൾക്കായി അനുവദിച്ചത്. പദ്ധതിയുടെ പ്രചാരണത്തിനായി അഞ്ചിരട്ടി കൂടുതൽ തുക ചെലവിട്ടു. പബ്ലിസിറ്റി സർക്കാരാണു മോദിയുടേത് – തരൂർ വിമർശിച്ചു. ബർഖ ദത്ത് തൊടുത്ത ചോദ്യങ്ങൾക്കു തരൂർ നൽകിയ മറുപടികളിലൂടെ:

∙ ഹിന്ദു പാക്കിസ്ഥാൻ പോലുള്ള താങ്കളുടെ പരാമർശങ്ങൾ കോൺഗ്രസ് വക്താക്കൾ തന്നെ തിരുത്തുന്നു?

താരതമ്യേന ചെറുപ്പക്കാരായ പാർട്ടി വക്താക്കൾക്കു കാര്യങ്ങൾ വ്യക്തമായി അറിയില്ലാത്തതു കൊണ്ടാണതു സംഭവിക്കുന്നത്. നെഹ്‌റുവാണു ഹിന്ദു പാക്കിസ്ഥാൻ എന്ന പ്രയോഗം നടത്തിയത്. അതു ഞാൻ ആവർത്തിച്ചുവെന്നേയുള്ളൂ. ഇപ്പോൾ, ഭരണത്തിലുള്ള ഒരുസംഘം രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ആ സാഹചര്യത്തിലാണു ഹിന്ദു പാക്കിസ്ഥാൻ പരാമർശം നടത്തിയത്.

∙ കോൺഗ്രസ് തലപ്പത്തു സംവരണം?

കോൺഗ്രസ് കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. പക്ഷേ, ഏതൊരു കോൺഗ്രസ് പ്രവർത്തകനും തികച്ചും സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മൽസരിക്കാൻ അവകാശമുണ്ട്.

∙ മോദിയെക്കുറിച്ചു നല്ലതെങ്കിലും?

തീർച്ചയായും. മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ മികവുറ്റ പ്രസംഗകനാണ്. വാജ്പേയിയെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. പക്ഷേ, മോദിയുടെ വാക്കുകളെല്ലാം പൊള്ളയാണെന്നു മാത്രം. അദ്ദേഹത്തിന്റെ ഊർജസ്വലതയും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും മികച്ച ഗുണങ്ങളാണ്.

ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.