Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദള്‍: തീ അണ‍ഞ്ഞാലും നീറിപ്പുകയും

jds-dal-cartoon

തിരുവനന്തപുരം ∙ പ്രതിഷേധത്തീ ഉള്ളിലൊതുക്കി മാത്യു ടി. തോമസ് പാർട്ടി തീരുമാനം അംഗീകരിച്ചുവെങ്കിലും ജനതാദൾ എസ്സിലെ തർക്കത്തിന്റെ കനൽ അണയില്ല. കൃഷ്ണൻകുട്ടി ഒഴിയുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു വരുമെന്നതാകും അടുത്ത ചോദ്യം.  പിണറായി മന്ത്രിസഭയിലെ പാർട്ടി പ്രതിനിധിയെ അദ്ദേഹത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി കേന്ദ്രനേതൃത്വം മാറ്റുന്ന അസാധാരണ സംഭവമാണുണ്ടായത്. മന്ത്രിക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടില്ല. സംശുദ്ധമായ പ്രതിച്ഛായയുമുണ്ട്. അതുകൊണ്ടുതന്നെ ദളിന്റെ തീരുമാനത്തിൽ സിപിഎമ്മോ മുഖ്യമന്ത്രിയോ തൃപ്തിയിലല്ല.

അതേസമയം ഘടകകക്ഷി മന്ത്രിമാരുടെ കാര്യത്തിൽ അതതു പാർട്ടിയുടെ തീരുമാനം അംഗീകരിക്കുകയാണ് എൻസിപിയിൽ പ്രശ്നങ്ങളുണ്ടായപ്പോഴും സിപിഎം സ്വീകരിച്ച കീഴ്‍വഴക്കം. അതിനാൽ ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ കത്തു ലഭിച്ചാൽ കൃഷ്ണൻകുട്ടിക്കു സത്യപ്രതിജ്ഞയ്ക്കു ക്ഷണം വരും.  മന്ത്രിസ്ഥാനം നിലനിർത്താൻ പാർട്ടിയിൽ പിളർപ്പുണ്ടാക്കുന്നതു തന്റെ ശൈലിക്കിണങ്ങില്ലെന്നു കണ്ടു മാത്യു ടി. വഴങ്ങിയതോടെ ദളിന് ആ പ്രതിസന്ധി ഒഴിഞ്ഞെന്നതാണ് ആശ്വാസം.  പാർട്ടി സംസ്ഥാന ഘടകത്തിലും നിയമസഭാകക്ഷിയിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതാണു മാത്യു ടി. തോമസിനു പുറത്തേക്കു വഴിയൊരുക്കിയത്. മന്ത്രിസ്ഥാനം വച്ചുമാറാൻ ധാരണയില്ലെന്ന അദ്ദേഹത്തിന്റെ വാദം ഗൗഡയും തള്ളിക്കളഞ്ഞിരുന്നില്ല.

എന്നാൽ 3 മാസം മുമ്പുള്ള നേതൃയോഗത്തിൽ കെ.കൃഷ്ണൻകുട്ടി മന്ത്രിയാകണമെന്ന വാദത്തിനു മുൻതൂക്കം കിട്ടി. ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി ആ നിലയ്ക്ക് ഗൗഡയ്ക്കു റിപ്പോർട്ട് നൽകി. പിന്നാലെ മൂന്നംഗ നിയമസഭാകക്ഷിയിൽ കെ.കൃഷ്ണൻകുട്ടിയും സി.കെ.നാണുവും ഒരിടത്തും മാത്യു ടി. തോമസ് അപ്പുറത്തുമായി. നാണുവിന്റെ പിന്തുണ ഇരുനേതാക്കളും അവകാശപ്പെട്ടിരുന്നു. ഭൂരിപക്ഷ പാർട്ടി തീരുമാനത്തിനൊപ്പം നാണു നിന്നതോടെ ഗൗഡയ്ക്കു കാര്യങ്ങൾ എളുപ്പമായി.

മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കു സമാന്തരമായുണ്ടായ ചില ആരോപണങ്ങളാണു തർക്കം രൂക്ഷമാക്കിയത്. മന്ത്രിവസതിയിലെ മുൻജീവനക്കാരി മന്ത്രിക്കും ഭാര്യക്കുമെതിരെ നൽകിയ പരാതി പൊലീസിലും കോടതിയിലുമെത്തി. ജാതിപ്പേരു വിളിച്ച് അപമാനിച്ചുവെന്നായിരുന്നു ആക്ഷേപം. കുടുംബത്തെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കാനാണെങ്കിൽ‍ വഴങ്ങിക്കൊടുക്കാനില്ലെന്നു കേന്ദ്രനേതൃത്തെ അറിയിക്കാനാണ് ഗൗഡ വിളിച്ചിട്ടും ചർച്ചയ്ക്കു മന്ത്രി പോകാതിരുന്നത്. മന്ത്രിയും പാർട്ടി സംസ്ഥാന പ്രസിഡന്റും അകന്നിരിക്കുന്നതിനാൽ മുറിവുണക്കൽ എളുപ്പമാകില്ല.
ഏകപക്ഷീയ തീരുമാനം കേന്ദ്രനേതൃത്വം എടുത്താൽ പുറത്തുപോയി എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുമായി മാത്യു ടി. സഹകരിക്കണമെന്ന അഭിപ്രായം ഉണ്ടായി. എന്നാൽ സ്വയം പുറത്തുപോയി മറ്റൊരു പാർട്ടിയുടെ ഭാഗമായാൽ അയോഗ്യതാ ഭീഷണിയടക്കം വരുമെന്നതു കണക്കിലെടുക്കേണ്ടി വന്നു.

യുഡിഎഫിലും എൽഡിഎഫിലുമായി ദളിന്റെ നേതൃനിരയിൽ ദീർഘകാലമായി ഉണ്ടായിട്ടും മന്ത്രിയാകാൻ കഴിഞ്ഞില്ലെന്ന കെ. കൃഷ്ണൻകുട്ടിയുടെ വേദനയ്ക്കു കൂടിയാണു പരിഹാരമാകുന്നത്. ഒരിക്കൽ വി.എസ്. അച്യതാനന്ദന്റെ വലം കൈയായിരുന്ന ഘടകകക്ഷി നേതാവ് പിണറായി വിജയൻ മന്ത്രിസഭയിലേക്കു കടന്നുവരുന്നു. പകരം സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാത്യു ടി.തോമസിനു കൈമാറുമോയെന്നതു തർക്കത്തിലാണ്. ഗൗഡ വിളിച്ചുചേർത്ത യോഗത്തിൽ നിന്നു വിട്ടുനിന്നുവെന്നതു തന്നെ ആ തർക്കത്തിനു പ്രധാന കാരണം.
 

related stories