Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ സംശയം പ്രകടിപ്പിച്ചിരുന്നതായി സുധയുടെ ഭർത്താവ്

sudha വി.സുധ

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗത്തിലെ എക്സ്‌റേ അറ്റൻഡർ വി.സുധ മരിച്ചത് നിപ്പമൂലമാണെന്ന് നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നതായി ഭർത്താവ് ടി.വിനോദ് കുമാർ. ഇത് അന്നു തന്നെ ആശുപത്രി അധികൃതരെ അറിയിച്ചതാണ്. നിപ്പ ബാധിച്ചു മരിച്ച സാബിത്തിനെ സുധ പരിചരിച്ചിരുന്നു. മേയ് 12 വരെ ആശുപത്രിയിൽ ജോലിക്കെത്തി. 14ന് ശക്തമായ തലവേദന വന്നു. 15ന് തലവേദന തീവ്രമായി; പനി കൂടി പിടിപെട്ടു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. കുഴപ്പമില്ലെന്നും ആവശ്യമെങ്കിൽ ഒപിയിൽ വന്നാൽ മതിയെന്നും പറഞ്ഞു.

17ന് ഒപിയിലെത്തി ഡോക്ടറെ കണ്ടു. വീട്ടിലേക്കു മടങ്ങിയെങ്കിലും പനി കൂടി. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായി. ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെ 18ന് അത്യാഹിത വിഭാഗത്തിലെത്തി. ഉച്ചയ്ക്ക് ഡോക്ടർമാരുടെ ടീം പരിശോധിച്ചു. 3.15ന് വെന്റിലേറ്ററിലേക്കു മാറ്റി. 19ന് രാവിലെ ആറരയോടെയായിരുന്നു മരണം.

ഞങ്ങൾക്ക് മക്കളില്ല. ഭാര്യയുടെ മരണം എന്നെ വല്ലാതെ തളർത്തി. മരണവിവരം അറിഞ്ഞ ഉടനെ എനിക്കു രക്തസമ്മർദം കൂടി തല കറങ്ങിവീണു. എന്നെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും തുടർന്ന് ഐസിയുവിലും പ്രവേശിപ്പിച്ചു. അതിനാലാണ് ഭാര്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നു പറയാൻ‌ പോലും പറ്റാതിരുന്നത് – വിനോദ് പറഞ്ഞു. സമാന ലക്ഷണങ്ങളുള്ള മറ്റു രോഗികൾക്ക് പിന്നീട് നിപ്പ സ്ഥിരീകരിച്ചിരുന്നു. സുധ 23 വർഷമായി മെഡിക്കൽ കോളജിൽ ജോലി ചെയ്യുകയായിരുന്നു.

മെഡിക്കൽ കോളജ് ഹോസ്റ്റലിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരനാണ് വിനോദ്. ഭാര്യയുടെ മരണത്തെ തുടർന്ന് തന്റെ രക്ത സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം പോലും ലഭിച്ചില്ലെന്നു വിനോദ് പറഞ്ഞു.