Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയാനു സ്നേഹമല്ലാതെ ഒന്നും നൽകാൻ കഴിഞ്ഞില്ലെന്ന് ആന്റണി

hassan-cherian-philip-and-antony ഇടം തിരിഞ്ഞു വലം ചുറ്റി... തിരുവനന്തപുരത്ത് ഭാരത് സേവക് സമാജിന്റെഎം.എം. ജേക്കബ് പുരസ്കാരം സ്വീകരിച്ച ചെറിയാൻ ഫിലിപ്പ് എ.കെ.ആന്റണിക്കൊപ്പം. എം.എം. ജേക്കബിന്റെ മകൾ ജയ ചന്ദ്രഹാസൻ, എം.എം.ഹസൻ എന്നിവർ സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം∙ ചെറിയാൻ ഫിലിപ്പിന് അർഹമായ സ്ഥാനം നൽകാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ അദ്ദേഹം ബന്ധപ്പെട്ടു നിൽക്കുന്നവർക്കെങ്കിലും അതിനു സാധിക്കട്ടെയെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി. അതുവഴി അദ്ദേഹത്തിന്റെ മനസ്സിലുള്ള ആ സ്വകാര്യ നൊമ്പരത്തിനു പരിഹാരമുണ്ടാകട്ടെ. അതെന്താണെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും ആന്റണി പറഞ്ഞു. ഭാരത് സേവക് സമാജിന്റെ പ്രഥമ എം.എം. ജേക്കബ് പുരസ്കാരം ചെറിയാൻ ഫിലിപ്പിനു നൽകുകയായിരുന്നു ആന്റണി.

പൊതുരംഗത്ത് ഒന്നും നേടാൻ കഴിയാത്ത നിസ്വാർഥനും ത്യാഗിയുമായ പൊതുപ്രവർത്തകനാണു ചെറിയാനെന്ന് ആന്റണി പറഞ്ഞു. താനുമായി ബന്ധപ്പെട്ട് എത്രയോ കാലം പ്രവർത്തിച്ചുവെങ്കിലും ഒന്നും ചെയ്തുകൊടുക്കാൻ കഴിയാത്തതിൽ കുറ്റബോധമുണ്ട്. കുട്ടിക്കാലത്തു ചെറിയാനു മൈക്ക് നൽകി അനൗൺസ് ചെയ്യാൻ പഠിപ്പിച്ച കാര്യം എം.എം. ഹസൻ ഇവിടെ ഓർമിച്ചു. ഹസൻ മൈക്കെങ്കിലും നൽകി. തനിക്കു നൽകാൻ കഴിഞ്ഞതു സ്നേഹം മാത്രമാണ്. എന്നാൽ തിരിച്ച് സ്നേഹം മാത്രമല്ല, ചെറിയാൻ നൽകിയത്. ഏതു പ്രതിസന്ധിയിലും ശക്തിദുർഗമായി അദ്ദേഹം ഒപ്പം നിന്നു.

അടിയന്തരാവസ്ഥക്കാലത്തെ എഐസിസി സമ്മേളനത്തിൽ അതിനെതിരെ നടത്തിയ പ്രസംഗം ലോകമറിയാൻ കാരണമായതു ചെറിയാൻ ഫിലിപ്പാണ്. ആർക്കൊപ്പമാണോ ചെറിയാൻ നിൽക്കുന്നത് അവരോടുള്ള പ്രതിബന്ധത പറഞ്ഞറിയിക്കാനാകില്ല. മറ്റൊരു വഴി സ്വീകരിച്ചു എന്നതുകൊണ്ടു ചെറിയാന് എന്റെ മനസ്സിലുള്ള സ്ഥാനത്തിൽ മാറ്റമില്ല. അദ്ദേഹം എന്റെ ഭാഗം തന്നെയാണ്– ആന്റണി പറഞ്ഞു.

ആദ്യാവസാനം രാജ്യത്തിനും കോൺഗ്രസിനും വേണ്ടി ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച വലിയ നേതാവായിരുന്നു എം.എം. ജേക്കബെന്നും ആന്റണി അനുസ്മരിച്ചു. കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ അധ്യക്ഷനായിരുന്നു. കവി പ്രഭാവർമ, എം.എം. ജേക്കബിന്റെ മകൾ ജയ ചന്ദ്രഹാസൻ, ബിഎസ്എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, ഡയറക്ടർ ജയ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

വലംനെഞ്ചിൽ ആന്റണിയും ഇടംനെഞ്ചിൽ പിണറായിയുമെന്ന് ചെറിയാൻ

രാഷ്ട്രീയ ഗുരുവായ ആന്റണിയുടെ സ്ഥാനം വലംനെഞ്ചിലും ഇപ്പോൾ രക്ഷകർത്താവായ പിണറായി വിജയന്റെ സ്ഥാനം ഇടംനെഞ്ചിലുമായിരിക്കുമെന്നു മറുപടി പ്രസംഗത്തിൽ ചെറിയാൻ ഫിലിപ്പ്. രണ്ടുപേരെയും ഉപേക്ഷിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതു കൊണ്ടല്ല കോൺഗ്രസ് വിട്ടത്. അങ്ങനെ അൽപനല്ല ഞാൻ. അതിന്റെ കാരണം ഇപ്പോൾ പറയുന്നില്ല. കോൺഗ്രസ് വിട്ട ശേഷവും മാസത്തിൽ രണ്ടുതവണ എ.കെ.ആന്റണിയെ വിളിക്കാറുണ്ട്. അദ്ദേഹം തലസ്ഥാനത്ത് എത്തുമ്പോഴെല്ലാം പോയി കാണാറുമുണ്ട്–ചെറിയാൻ പറഞ്ഞു.

related stories