Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ മതനിരപേക്ഷ സർട്ടിഫിക്കറ്റ് വേണ്ട: ആന്റണി

A.K. Antony

കോഴിക്കോട് ∙ ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും ‘മാച്ച്ഫിക്സിങ്’ നടത്തുകയാണെന്നും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മൗനാനുവാദം അതിനുണ്ടെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി എംപി. കുറെക്കാലമായി ആർഎസ്എസിനു വളരാനുള്ള അന്തരീക്ഷമാണു സർക്കാർ ഒരുക്കുന്നത്. ബിജെപി വളരട്ടെ, കോൺഗ്രസ് തളരട്ടെ എന്ന ഉദ്ദേശ്യത്തോടെയാണു സിപിഎം നീക്കം. കേരളത്തിൽ 2 ഫയൽവാൻമാരേയുള്ളുവെന്നും അതു സിപിഎമ്മും ആർഎസ്എസുമാണെന്നുമുള്ള ധാരണ പരത്താനാണു പിണറായിയുടെ ശ്രമം. ഗീബൽസിനെ തോൽപിക്കുന്ന നുണപ്രചാരണമാണു മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നത്. ലോക്സഭാ തിരഞ്ഞടുപ്പിൽ ബിജെപിക്ക് അവസരമൊരുക്കുകയാണ് അവർ. 

മുഖ്യമന്ത്രിയെക്കാൾ മുൻപു രാഷ്ട്രീയത്തിലിറങ്ങിയ തനിക്കു പിണറായിയുടെ മതനിരപേക്ഷ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ആന്റണി പറഞ്ഞു. താൻ ബിജെപിക്കു വെള്ളവും വളവും നൽകുകയാണെന്ന പിണറായിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി കുറച്ചുകൂടി വിവേകവും പക്വതയും കാട്ടിയിരുന്നെങ്കിൽ ശബരിമലയിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. വിശ്വാസികളുടെ വികാരം ഇളക്കിവിട്ട് ബിജെപിക്കും ആർഎസ്എസിനും ഉത്തേജക മരുന്നു നൽകുകയാണു സർക്കാർ. മാപ്പർഹിക്കാത്ത കുറ്റമാണു പിണറായി ചെയ്തത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സമ്പൂർണ പരാജയമാണ്. സർക്കാരിന്റെയും മന്ത്രിമാരുടെയും പരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ ശബരിമല കലാപകേന്ദ്രമാക്കാനാണ് ശ്രമിക്കുന്നതെന്നും ആന്റണി ആരോപിച്ചു. 

related stories