Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിമാർ വരുന്നു, പോകുന്നു; പാഴ്ച്ചെലവായി കോടികൾ

government of kerala

തിരുവനന്തപുരം ∙മന്ത്രിമാരുടെ രാജിവയ്ക്കലും സ്ഥാനമേൽക്കലും വകുപ്പുമാറ്റവുംവഴി ഖജനാവിനുണ്ടാകുന്ന നഷ്ടം കോടികൾ. പിണറായി സർക്കാരിന്റെ ഭരണകാലം പകുതിയായപ്പോൾതന്നെ നാലു രാജിവയ്ക്കലും പകരം നാലു സത്യപ്രതി‍ജ്ഞകളും അരങ്ങേറിയപ്പോൾ പുതിയ പഴ്സനൽ സ്റ്റാഫിന്റെ നിയമനം, വസതിയും ഓഫിസും മോടിപിടിപ്പിക്കൽ, കാർ നവീകരണം തുടങ്ങിയ വഴികളിലൂടെ കോടികൾ ഒഴുകുന്നു. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കെ. കൃഷ്ണൻകുട്ടിക്കായും പുതിയ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.

മന്ത്രിമാർ രാജിവച്ചതിനു പിന്നാലെ നാല് ഇടക്കാല സത്യപ്രതിജ്ഞകളാണു വേണ്ടിവന്നത്. രാജിവച്ചവർക്കു പകരം അതേ പാർട്ടിയിൽപ്പെട്ട മന്ത്രിമാർ എത്തുമ്പോഴും പഴ്സനൽ സ്റ്റാഫിനെ പറഞ്ഞുവിട്ട് പുതിയവരെ നിയമിക്കുകയാണ്. 25 പഴ്സനൽ സ്റ്റാഫിനെയാണ് ഒരു മന്ത്രിക്കു നിയമിക്കാൻ കഴിയുക. ഡപ്യൂട്ടി സെക്രട്ടറി റാങ്കിൽ നിയമിക്കുന്ന മൂന്ന് അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ഒരു ലക്ഷം രൂപയും മൂന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർക്ക് 60,000 രൂപയും ഒരു പിഎയ്ക്കും മൂന്ന് അഡിഷനൽ പിഎമാർക്കും 45,000 രൂപയുമാണ് ശമ്പളം. ഡ്രൈവർ, കുക്ക്, പ്യൂൺ തുടങ്ങിയ ജീവനക്കാർ വേറെയും. ഇവരെല്ലാം രണ്ടു വർഷം ജോലി ചെയ്താൽ ആജീവനാന്ത പെൻഷൻ ഉറപ്പ്.

മാത്യു ടി. തോമസിനൊപ്പം നിന്ന പഴ്സനൽ സ്റ്റാഫിനെ മാറ്റി പകരം 25 പേരെ കൃഷ്ണൻകുട്ടി നിയമിക്കുമെന്നതിനാൽ ഇരട്ടി പേർക്കാണ് സർക്കാർ പെൻഷൻ നൽകേണ്ടി വരുക. പുതിയ മന്ത്രി ചുമതലയേറ്റാൽ പുതിയ കാർ വാങ്ങുകയോ വിപുലമായി അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുക പതിവാണ്. വീടു മോടികൂട്ടും. ഓഫിസ് സംവിധാനങ്ങളെല്ലാം പുനഃക്രമീകരിക്കും. വീണ്ടും മന്ത്രിയായി മടങ്ങിയെത്തിയ ഇ.പി. ജയരാജനു താമസിക്കാൻ നഗരത്തിൽ ഒൗദ്യോഗിക വസതിയില്ലാതിരുന്നതിനാൽ സർക്കാർ വാടകയ്ക്കു വീടെടുത്തു നൽകേണ്ടിവന്നു. ഉന്നത ഉദ്യോഗസ്ഥർ സമയം ചെലവിടാനെത്തുന്ന സിവിൽ സർവീസ് ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് മന്ത്രിക്കായി ഒഴിഞ്ഞുകൊടുക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഐഎഎസ് ലോബി എതിർത്തു. അടുത്തിടെ ലക്ഷങ്ങൾ മുടക്കി സർക്കാർ നവീകരിച്ച കെട്ടിടമായിരുന്നു ഇത്.

മന്ത്രി കെ.കെ. ശൈലജ ഒഴിഞ്ഞ നോർത്ത് സാൻവിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിലെ 216-ാം നമ്പർ മുറിയാണ് മന്ത്രി ഇ.പി. ജയരാജൻ മടങ്ങിയെത്തിയപ്പോൾ നൽകിയത്. പകരം ശൈലജയ്ക്കായി അനെക്സ് മന്ദിരത്തിൽ ഓഫിസ് സജ്ജീകരിക്കാനും ലക്ഷങ്ങൾ പൊടിച്ചു. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെത്തിയപ്പോഴും പഴ്സനൽ സ്റ്റാഫിൽ ചിലരെ മാറ്റി. തിരികെ ശശീന്ദ്രൻ വന്നപ്പോഴും മാറ്റങ്ങളുണ്ടായി. മന്ത്രിമാരുടെ വകുപ്പു മാറ്റത്തിന്റെ ഭാഗമായി പഴ്സനൽ സ്റ്റാഫിലെ അഴിച്ചുപണി ഇപ്പോഴും തുടരുകയാണ്.