Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി പുനസംഘടനയ്ക്കു പുതുജീവൻ

Congress-logo

തിരുവനന്തപുരം ∙ ഇടക്കാലത്തു ‘മരവിപ്പിക്കപ്പെട്ട’ കെപിസിസി പുനസംഘടനയ്ക്കു വീണ്ടും ജീവൻ വയ്ക്കുന്നു. പാർട്ടിക്കു പുതിയ ടീമില്ലാതെ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണെന്നു പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ധരിപ്പിച്ചു. ഈ കൂടിക്കാഴ്ചയിലെ ധാരണയെത്തുടർന്നു ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയേയും നേരിൽ കണ്ടു മുല്ലപ്പള്ളി അഴിച്ചുപണിക്കുള്ള പിന്തുണ ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസിനെ സജ്ജമാക്കാൻ ഭാരവാഹികളുടെ പുതിയ ടീം കൂടിയേ തീരൂവെന്ന നിലപാടിലാണു മുല്ലപ്പള്ളി. പുതിയ പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നപ്പോൾ പുതിയ ഭാരവാഹി സംഘത്തെയും രംഗത്തിറക്കാനായിരുന്നു ആദ്യപരിപാടി. എന്നാൽ നിലവിലുള്ളവരിൽ പലരെയും മാറ്റേണ്ടി വരുന്നതിനോട് എ–ഐ നേതൃത്വങ്ങൾ മുഖംതിരിച്ചു. ഇതോടെ പഴയ ഭാരവാഹികളെതന്നെ ചുമതലകളേൽപ്പിക്കാൻ മുല്ലപ്പള്ളി നിർബന്ധിതനായി. ജില്ലാച്ചുമതലകൾക്കും മറ്റുമായി ഇവരെ നിയോഗിച്ചുവെങ്കിലും കാര്യമായ സംഭാവനകളില്ലെന്നാണു വിലയിരുത്തൽ. ഇതോടെയാണ് ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും ഇതിനു പരിഹാരം കണ്ടെത്തിയെ തീരൂവെന്നു ആവശ്യപ്പെട്ടത്. ഇരുവിഭാഗങ്ങളെ നയിക്കുന്ന ഈ നേതാക്കളുടെ പിന്തുണയോടെ പ്രവർത്തനക്ഷമമായ പുതിയ ടീം എന്നതാണു മുല്ലപ്പള്ളിയുടെ ആശയം.

സംഘടനയെ മുന്നോട്ടു ചലിപ്പിക്കാനുള്ള സംവിധാനം കെപിസിസിക്കില്ലെന്നു മൂന്നു നേതാക്കളെയും മുല്ലപ്പള്ളി അറിയിച്ചു. കണ്ണൂർ കേന്ദ്രീകരിച്ചാണു കൂടുതലും കെ. സുധാകരനുള്ളത്. മറ്റൊരു വർക്കിങ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷിന്റെ സേവനം പാർട്ടി ആസ്ഥാനത്തു ലഭിക്കുന്നുണ്ടെങ്കിലും ലോക്സഭാംഗമെന്ന നിലയിലുളള ചുമതലകൾ കൂടി അദ്ദേഹത്തിനുണ്ട്. വിടപറഞ്ഞ എം.ഐ. ഷാനവാസിനു പകരം ഉടൻ ഒരു വർക്കിങ് പ്രസിഡന്റിനെ നിയമിക്കാൻ നീക്കമില്ല.

നിലവിലുള്ളവരിൽ കാര്യക്ഷമമായി സംഘടനാ പ്രവർത്തനം നടത്തുന്ന ചുരുക്കം പേരെ നിലനിർത്തി, ബാക്കി പുതുമുഖങ്ങൾ എന്ന നിർദേശമാണു പരിഗണിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ ബൂത്തുതല പുനസംഘടനയെ ബാധിച്ചുവെങ്കിലും 85% പൂർത്തിയായെന്നു നേതൃത്വം അറിയിച്ചു. മുഴുവൻ കമ്മിറ്റികളിലും വനിതാ വൈസ് പ്രസിഡന്റുമാരുണ്ടെന്നതിനാൽ 24,000 സ്ത്രീകൾ പ്രാദേശികമായി കോൺഗ്രസിന്റെ സംഘടനാച്ചുമതലയിലേക്കു വരുന്നുവെന്നതു സവിശേഷതയാണ്. കൊച്ചിയിൽ ബൂത്തുഭാരവാഹികളുടെ വിപുലമായ റാലിക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതിന് എത്തും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി സംസ്ഥാന സമ്മേളനം, രാഷ്ട്രീയ പ്രചാരണ ജാഥ എന്നിവയും പരിഗണനയിലുണ്ട്.