Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്‌സിങ് പഠനം കഴിഞ്ഞുള്ള പരിശീലനം ഒരു വർഷം മതി

nurse-representational-image

തിരുവനന്തപുരം∙ നഴ്‌സിങ് പഠനം പൂർത്തിയാക്കിയവർക്കു തൊഴിൽ വൈദഗ്ധ്യവും നൽകുന്നതിനായി സ്വകാര്യ ആശുപത്രികൾ നൽകുന്ന പരിശീലന കാലയളവ് ഒരുവർഷത്തിൽ അധികമാകരുതെന്നു സർക്കർ ഉത്തരവിറക്കി. ഇക്കാലയളവിൽ ജിഎൻഎം നഴ്‌സിന് 9,000 രൂപയും ബിഎസ്‍‌സി നഴ്‌സിന് 10,000 രൂപയും പ്രതിമാസ സ്റ്റൈപ്പൻഡ് നൽകണം. പരിശീലനത്തിനു കൃത്യമായ നിർദ്ദേശങ്ങളും തൊഴിൽ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വകാര്യ നഴ്‌സുമാരുടെ വേതന പരിഷ്‌കരണ ചർച്ചയിൽ പരിശീലനകാലയളവും സ്റ്റൈപ്പൻഡും സംബന്ധിച്ചുണ്ടായ പരാമർശങ്ങളെ തുടർന്നു വിശദ പഠന റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റിക്കു രൂപം നൽകിയിരുന്നു. കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു പരിശീലന  മാർഗരേഖ നിശ്ചയിച്ചുള്ള ഉത്തരവ്.

നിർദേശങ്ങൾ ഇങ്ങനെ:
∙ തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനായി സ്ഥാപനങ്ങൾക്കു നഴ്‌സിങ് പഠനം പൂർത്തിയാക്കിയവരെ ട്രെയിനികളായി പരിഗണിച്ച് പരിശീലനം നൽകാം. പരിശീലന കാലാവധി ഒരു വർഷത്തിൽ കൂടരുത്.
∙ തൊഴിൽ നൈപുണ്യ വികസനത്തിന് അവസരമൊരുക്കുന്ന സ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ്, അവരുടെ കർത്തവ്യം, തൊഴിൽ വൈദഗ്ധ്യ പദ്ധതിയുടെ ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിക്കണം.
∙ പരിശീലനത്തിനായി ട്രെയിനിങ് കോ–ഓർഡിനേറ്ററെ നിയമിക്കണം.
∙ ഉദ്യോഗാർഥി തൊഴിൽ പരിശീലന കാലയളവ് പൂർത്തിയാക്കുമ്പോൾ തൃപ്തികരമായി തൊഴിൽനൈപുണ്യം നേടിയതായുള്ള സർട്ടിഫിക്കറ്റ്
സ്ഥാപനങ്ങൾ നൽകണം.
∙ സ്ഥാപനത്തിലെ ആകെ നഴ്‌സുമാരുടെ എണ്ണത്തിന്റെ 25  % ത്തിൽ താഴെ മാത്രം ഉദ്യോഗാർഥികളെയേ തൊഴിൽ നൈപുണ്യ വികസനത്തിനായി നിയമിക്കാവൂ.
∙ ഒരു സ്ഥാപനത്തിൽ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാർഥിയെ വീണ്ടും പരിശീലനത്തിനായി നിയമിക്കരുത്.