Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടമകൾക്കറിയേണ്ട, ആനകളുടെ മാനസിക സമ്മർദം

Elephant

കോട്ടയം ∙ ആനകൾ സമ്മർദത്തിലാണോ എന്നറിയാൻ ഉടമകൾക്കു താൽപ്പര്യമില്ല. ആനകളുടെ മാനസിക സമ്മർദം കണ്ടെത്താനുള്ള വനംവകുപ്പിന്റെ ശ്രമം പാളി.

രക്തസാംപിൾ ശേഖരിക്കാൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും ലഭിച്ചതു സംസ്ഥാനത്തെ ആനകളിൽ പത്തിലൊന്നിന്റേതു മാത്രം. ഇതുവരെ 50 ആനകളുടെ രക്തസാംപിൾ മാത്രമേ പാലോട് ലാബിൽ ലഭിച്ചിട്ടുള്ളൂ. ആനകൾക്കു മാനസിക സമ്മർദമുണ്ടെന്നു കണ്ടെത്തിയാൽ എഴുന്നള്ളത്തും തടിപിടിപ്പിക്കലുമുൾപ്പെടെയുള്ള കച്ചവടം മുടങ്ങുമോ എന്ന പേടിയാണു കാരണം.

ഇന്നു നടക്കുന്ന കണക്കെടുപ്പിൽ ബാക്കി 527 ആനകളുടെയും രക്തസാംപിൾ ശേഖരിക്കാനാണ് വനംവകുപ്പിന്റെ നീക്കം.

ആനകളുടെ മാനസിക സമ്മർദവും മദപ്പാടും തമ്മിൽ ബന്ധമുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രക്തപരിശോധന നടത്തി മദപ്പാടിനുള്ള സാധ്യതകൾ കണ്ടെത്താൻ ഇതോടെ തീരുമാനിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ടിലാണ് രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ, കോർട്ടിസോൺ ഹോർമോണുകളുടെ പരിശോധന.

സമ്മർദം കൂടുതലാണെങ്കിൽ മദപ്പാട് നേരത്തേയാകും. തീറ്റ കുറവ്, അമിത അധ്വാനം, കാലാവസ്ഥാ മാറ്റം, ചൂട് തുടങ്ങി പല കാരണങ്ങൾ സമ്മർദത്തിനും മദപ്പാടിനും ഇടയാക്കും. എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നതിനു മുന്നോടിയായി മദപ്പാടിനുള്ള സാധ്യത കണ്ടെത്താമെന്നതാണ് ഈ പരിശോധനയുടെ മേന്മ.

ഓരോ ആനയുടെയും ഹോ‍ർമോൺ തോത് വ്യത്യസ്തമാണ്. അതിനാൽ എല്ലാ ആനകളുടെയും സാധാരണ ഹോർമോൺ നില ആദ്യം നിർണയിച്ചു ഡേറ്റാബാങ്ക് തയാറാക്കണം. പിന്നീട് ആവശ്യമുള്ളപ്പോൾ താരതമ്യം ചെയ്തു സമ്മർദം കണ്ടെത്താം.