Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലിശ്ശേരി പള്ളിയിൽ ഓർത്തഡോക്സ് സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞു

പെരുമ്പിലാവ് ∙ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സുറിയാനി പള്ളിയിൽ ആരാധനയ്ക്കായി എത്തിയ ഓർത്തഡോക്സ് സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞു. സഭ തർക്കത്തിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായി വിധി വന്ന സാഹചര്യത്തിൽ പള്ളിയിൽ ആരാധന നടത്തുമെന്ന് ഓർത്തഡോക്സ് വിശ്വാസികളും വിധി നടപ്പാക്കൽ ഉത്തരവു ലഭിച്ചതിനു ശേഷമേ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ എന്നു യാക്കോബായ വിശ്വാസികളും പറഞ്ഞത് തർക്കത്തിൽ കലാശിച്ചു.

പട്ടാമ്പി തഹസിൽദാർ കാർത്യായനി ദേവിയുടെയും ‍ഡിവൈഎസ്‌പി ജി.ഡി. വിജയകുമാറിന്റെയും നേതൃത്വത്തിൽ ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കണ്ടില്ല. പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടെങ്കിലും കലക്ടറുടെ ഉത്തരവുണ്ടെങ്കിൽ മാത്രമേ സംരക്ഷണം അനുവദിക്കൂ എന്നു പൊലീസ് അറിയിച്ചു.

തുടർന്ന് ഓർത്തഡോക്സ് സഭ വികാരി ഫാ. മാത്യു ജേക്കബ് പുതുശ്ശേരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിലേക്കു നീങ്ങിയപ്പോൾ പൊലീസ് തടയുകയായിരുന്നു. പിന്നീടു നടന്ന ചർച്ചയിൽ പാലക്കാട് കലക്ടറുടെ ഓഫിസിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചതിനുശേഷം വിശ്വാസികൾ പിരിഞ്ഞു പോയി. ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ എത്തുമെന്നറിഞ്ഞ് യാക്കോബായ വിശ്വാസികൾ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി.