Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദീബിന്റെ നിയമനത്തിൽ അപാകതയില്ല: മുഖ്യമന്ത്രി

കെ.ടി. ജലീൽ, കെ.ടി.അദീബ് മന്ത്രി കെ .ടി. ജലീൽ, അദീബ്

തിരുവനന്തപുരം ∙ മന്ത്രി കെ.ടി. ജലീലിന്റെ പേരിൽ ആരോപിക്കപ്പെടുന്ന വിവാദ നിയമനം മറ്റൊരാളുടെ അവസരം നഷ്ടമാക്കാതെയും ന്യൂനപക്ഷ ധനകാര്യവികസന കോർപറേഷനു സാമ്പത്തിക നഷ്ടം ഉണ്ടാക്കാതെയുമുള്ള ഒരു വർഷത്തെ ഡപ്യൂട്ടേഷൻ നിയമനം മാത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കെ. മുരളീധരൻ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അപേക്ഷിച്ച 7 പേരിൽ ഇന്റർവ്യൂവിനെത്തിയ 3 പേർക്കു നിശ്ചിത യോഗ്യതയില്ലാതിരുന്നതു മൂലം തസ്തിക 2 വർഷമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ആദ്യം അപേക്ഷിക്കുകയും പിന്നീട് ഇന്റർവ്യൂവിനു ഹാജരാകാതിരിക്കുകയും ചെയ്ത അദീബ് തനിക്കു വരാൻ സമ്മതമാണെന്നു കാണിച്ച് അപേക്ഷ നൽകി. അദ്ദേഹത്തിനു യോഗ്യതയുണ്ടെന്നു കണ്ടു നിയമന ഉത്തരവ് നൽകി. സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നു ഡപ്യൂട്ടേഷനിൽ നിയമിക്കുന്നതിൽ തകരാറില്ല.

സഹകരണ ബാങ്കുകളിൽനിന്ന് ഇങ്ങനെ മുൻപു ചെയ്തിട്ടുണ്ടെങ്കിൽ ഇതിലെന്താണു പിശകെന്നു മുഖ്യമന്ത്രി ചോദിച്ചു. യോഗ്യതയില്ലാത്തവരെ വൈസ് ചാൻസലർമാരായി വരെ നിയമിക്കാനൊരുങ്ങിയ യുഡിഎഫിന് ആരോപണം ഉന്നയിക്കാനുള്ള എന്തു ധാ‍ർമികാവകാശമാണുള്ളത്? അദീബ് രാജിക്കത്ത് നൽകി ബാങ്കിലേക്കു തിരികെ പോയിട്ടും പുകമറ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

കെ.മുരളീധരന്റെ ചോദ്യങ്ങൾ

∙എംബിഎയ്ക്കു പകരം എന്തിനാണു ബിടെക് യോഗ്യതയായി മന്ത്രി നിശ്ചയിക്കുകയും അതു സ്വന്തം ലെറ്റർ പാഡിൽ എഴുതി നൽകുകയും ചെയ്തത്?
∙ സാമൂഹികനീതി വകുപ്പ് സെക്രട്ടറി ഷാജഹാൻ എന്തുകൊണ്ടു വിയോജനക്കുറിപ്പെഴുതി? എന്തിനു മന്ത്രിസഭയുടെ അംഗീകാരം വേണമെന്നു നിർദേശിച്ചു?
∙മുഖ്യമന്ത്രിയെ എന്തിനു നേരിട്ടു കണ്ടു ഫയൽ നൽകി അതിൽ മന്ത്രി ഒപ്പ് വാങ്ങിയെടുത്തു?
∙ നിയമനത്തിനുള്ള പരസ്യം എന്തുകൊണ്ടു പത്രങ്ങളിൽ നൽകിയില്ല?
∙ഷെഡ്യൂൾഡ് ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നൊരാളെ സർക്കാർ ഡപ്യൂട്ടേഷനിൽ നിയമിക്കുന്നതിന്റെ മാനദണ്ഡമെന്താണ്?

related stories