Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; ആശങ്ക അറിയിച്ച് ഹൈക്കമാൻഡ്

Congress-logo

ന്യൂഡൽഹി∙ കേരളത്തിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഹൈക്കമാൻഡ്. നിലവിലുള്ളതിനേക്കാൾ 5 സീറ്റ് കുറഞ്ഞ് 11 ൽ ഒതുങ്ങിയ യുഡിഎഫ് പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നും പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും പാർട്ടി ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി. 

പ്രളയം, ശബരിമല വിഷയങ്ങളിൽ സംസ്ഥാനത്തു ക്രിയാത്മകമായി പ്രവർത്തിച്ചിട്ടും സീറ്റ് നഷ്ടപ്പെട്ടതിലുള്ള ആശങ്ക ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചു. ശബരിമല ഉൾപ്പെടെ സമീപകാലത്ത് കേരളത്തിലുണ്ടായ സംഭവങ്ങളിൽ അപ്രിയ നടപടികളിലൂടെ എൽഡിഎഫ് പ്രതിരോധത്തിലായിട്ടും അതു മുതലാക്കാൻ കോൺഗ്രസിനായില്ല. 

സംഘടനാതലത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിശോധിക്കണം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സർക്കാരിനെതിരായ വികാരം മുതലെടുക്കാനും ദേശീയ നേതൃത്വം നിർദേശിച്ചു. 

സംസ്ഥാനത്തെ 39 തദ്ദേശഭരണ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര ഉൾപ്പെടെ എൽഡിഎഫ് 21 സീറ്റ് നേടിയിരുന്നു. ബിജെപിയും എസ്ഡിപിഐയും 2 സീറ്റ് വീതവും ഒരിടത്ത് യുഡിഎഫ് വിമതനും വിജയിച്ചു. സിപിഐ സ്വതന്ത്രനും കേരളാ കോൺഗ്രസും (എം)  ഓരോ സീറ്റ് വീതം നേടി.