Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരകവിഞ്ഞ് പ്രളയ ചർച്ച, ഒരു കരച്ചിലിന്റെ ഓർമപ്പെ‌ടുത്തലും

Kerala Legislative Assembly

പ്രളയ ദുരിതാശ്വാസത്തെക്കുറിച്ചു വി.ഡി.സതീശൻ നൽകിയ അടിയന്തരപ്രമേയ നോട്ടിസ് ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചതോടെ പ്രതിപക്ഷത്തിന്റെ പരാതികൾക്കു ഒരു പരിധി വരെ പരിഹാരമായിക്കാണും. ഒരു ദിവസത്തെ മുഴുനീള പ്രളയചർച്ചയ്ക്കു ശേഷം പ്രസംഗത്തിന്റെ പ്രളയജലത്തിനു കരകവിയാൻ വീണ്ടുമൊരു ദിവസം കൂടി. അങ്ങനെ 14–ാം നിയമസഭയിൽ നിപ്പ ബാധയെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിനു ശേഷം രണ്ടാമതൊരു അടിയന്തര പ്രമേയം കൂടി ചർച്ചയ്ക്കെടുത്തു.

പ്രളയകാലത്തു രക്ഷാപ്രവർത്തനം നടത്തിയ മൽസ്യത്തൊഴിലാളികളെ പുകഴ്ത്താൻ നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകൾ പോലും കണ്ടുപിടിച്ചവർ, വള്ളവും വലയും നഷ്ടപ്പെട്ട പാവപ്പെട്ട മൽസ്യത്തൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകിയില്ലെന്നു വി.ഡി. സതീശൻ ആരോപിച്ചു. പ്രളയത്തെക്കുറിച്ചു മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവന വായിച്ചപ്പോൾ സതീശനു ചിരി വന്നത്രെ. ആളുകളെ ചിരിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റമൊന്നുമല്ല.

പ്രളയത്തിന്റെ കാര്യത്തിൽ സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തെന്നാണു സജി ചെറിയാന്റെ സാക്ഷ്യം. പ്രളയദിനങ്ങളിൽ ടിവി ക്യാമറകൾക്കു മുന്നിൽ അദ്ദേഹം നടത്തിയ കരച്ചിൽ കണ്ടവരും കേട്ടവരും ഈ സാക്ഷ്യം മുഖവിലയ്ക്കെടുക്കും. പി.ടി. തോമസ് ക്രമപ്രശ്നം ഉപയോഗിക്കുന്നതു രാഷ്ട്രീയ ആരോപണങ്ങൾക്കു മറുപടി പറയാനാണെന്നാണു സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഭിപ്രായം. ഇക്കാര്യത്തിൽ അനുഭവമാണു തന്റെ ഗുരുവെന്നും സ്പീക്കർ വെളിപ്പെടുത്തി.

ടിവിക്കു മുന്നിൽ കരഞ്ഞ സജി ചെറിയാനാണോ സഭയിൽ പ്രസംഗിച്ചതെന്ന് അൻവർ സാദത്തിനു സംശയം. സജി ചെറിയാന്റെ കരച്ചിലാണു പതിനായിരങ്ങളുടെ ജീവൻ രക്ഷിച്ചതെന്നായി പി.സി. ജോർജ്. പ്രളയത്തെ നേരിടാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദമായി പറയണമെങ്കിൽ നൂറു നാക്കെങ്കിലും വേണ്ടിവരുമെന്നു തോന്നി. പിരിഞ്ഞു കിട്ടിയ പണത്തിന്റെ കണക്കു ജനത്തെ ബോധ്യപ്പെടുത്തണമെന്ന മിനിമം ഡിമാൻഡ് ആണ് ഒ. രാജഗോപാൽ ഉന്നയിച്ചത്. പ്രളയം കഴിഞ്ഞുള്ള ഓണക്കാലത്തു മൽസ്യത്തൊഴിലാളികൾ മാവേലിമാരായെങ്കിൽ അവർക്കു മുന്നിൽ കേന്ദ്രം വാമനൻമാരായി എന്നാണു മുല്ലക്കര രത്നാകരന്റെ അലങ്കാര സമ്പുഷ്ടമായ വിലയിരുത്തൽ.

പ്രളയം കൊണ്ട് ആർക്കും ഒരു ഗുണവുമുണ്ടായിട്ടില്ലെന്നു കരുതരുത്. രാജു ഏബ്രഹാം പ്രളയം കൊണ്ടു കോളടിച്ച കൂട്ടത്തിൽ പെടും. അദ്ദേഹത്തിന്റെ 1300 വാഴ പ്രളയത്തിൽ നശിച്ചു. പക്ഷേ, ചില്ലിപ്പൈസ പോലും നഷ്ടമായില്ല. ഇൻഷുറൻസ് ഇനത്തിൽ 4 ലക്ഷം രൂപയാണു കിട്ടിയത്. കുല വെട്ടി വിറ്റാൽ ഇത്രയും തുക കിട്ടുമോ എന്നു സംശയമാണ്. പോരാത്തതിനു കൂലിച്ചെലവും ലാഭം. സജി ചെറിയാന്റെയും രാജു ഏബ്രഹാമിന്റെയും വിശ്വാസ പ്രഖ്യാപനം മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കുമെങ്കിലും ചെങ്ങന്നൂരിലെയും റാന്നിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കില്ലെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പായിരുന്നു.

മാലിന്യ സംസ്കരണത്തെക്കുറിച്ചു സമാജികർക്കുള്ള അറിവ് ആഴവും പരപ്പുമേറിയതാണ്. എന്നാൽ സ്വന്തം മണ്ഡലത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് വരുമ്പോൾ എല്ലാവരും ആക്‌ഷൻ കൗൺസിൽ രൂപീകരിക്കും. പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകളുടെ ചർച്ചയിലാണ് എംഎൽഎമാരുടെ മാലിന്യസംസ്കരണ വിജ്ഞാനം വെളിപ്പെട്ടത്. എന്നാൽ മാലിന്യത്തെക്കുറിച്ചു പറയാൻ മഞ്ഞളാംകുഴി നടത്തിയ ഉപമ അൽപം കടന്നുപോയി. പി.സി.ജോർജിനെ കാണുമ്പോൾ പൂഞ്ഞാറിലെ ജനങ്ങൾ ഭയക്കുന്ന പോലെയാണു മാലിന്യമെന്നു കേൾക്കുമ്പോൾ ജനം ഭയക്കുന്നതത്രെ. 

ഇന്നത്തെ വാചകം

'ഞങ്ങളൊന്നും പാർട്ടി ഓഫിസ് പൂട്ടി വീട്ടിൽ പോകുന്നത് ഒന്നേകാൽ ഉറുപ്പികയുടെ പൂട്ടിന്റെ ബലത്തിലല്ല. ഈ നാട്ടിൽ ഒരു ഭരണകൂടമുണ്ടെന്ന വിശ്വാസത്തിലാണ്.' - എം.ഉമ്മർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.