Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുബഹാനിയെ ചോദ്യം ചെയ്ത് ഫ്രഞ്ച് പൊലീസ്; ഇന്നും തുടരും

Subhani Haja Moideen സുബഹാനി ഹാജ മൊയ്തീൻ

തൃശൂർ ∙ 2015ലെ പാരിസ് ഭീകരാക്രമണക്കേസിലെ പ്രതികൾക്കൊപ്പം സിറിയയിൽ ആയുധ പരിശീലനം നടത്തിയ മലയാളി സുബഹാനി ഹാജ മൊയ്തീനെ ഫ്രഞ്ച് പൊലീസ് സംഘം വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തു. ഇവർ തയ്യാറാക്കി കൊണ്ടുവന്ന ചോദ്യാവലിയുടെ മലയാളം തർജമ സുബഹാമിക്കു കൈമാറി. സഹായത്തിനായി ദേശീയ അന്വേഷണ ഏജൻസിയുടെ 2 അംഗ സംഘവും ദ്വിഭാഷിയും ഇവരെ അനുഗമിക്കുന്നുണ്ട്. ചോദ്യംചെയ്യൽ രണ്ടുമണിക്കൂർ നീണ്ടു. ഇന്നും നാളെയും തുടരും. ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്നലെ വൈകിട്ടു നാലിനാണ് ഫ്രഞ്ച് പൊലീസ് സേനയിലെ 3 ഉദ്യോഗസ്ഥർ ജയിലിലെത്തിയത്.

french-police വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സുബഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പൊലീസ് സംഘം ജയിലിലെത്ത‍ിയപ്പോൾ. ചിത്രം: മനോരമ

പാര‍ിസ് ഭീകരാക്രമണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി 3 ദിവസം ഇന്ത്യയിൽ തങ്ങാനുള്ള അനുമതി ഫ്രഞ്ച് പൊലീസ് സംഘം വിദേശമന്ത്രാലയം വഴി നേടിയ‍ിരുന്നു. തുടർച്ചയായി രണ്ടു മണിക്കൂർ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന ഉപാധിയോടെയാണ് അനുമതി. മൂന്നു വാഹനങ്ങളിലായി എത്തിയ സ‌ംഘം ആറുമണിക്കു തന്നെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി മടങ്ങി.

പ്രതിയെ മർദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ സെൻട്രൽ ജയിലിലെ ഒരുദ്യോഗസ്ഥനെ നിരീക്ഷകനായി ഒപ്പം കൂട്ടി. മറ്റു ജയിൽ അധികൃതരെ മാറ്റിനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ. കേരളത്തിലെ വിവിധ ജില്ലകളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടാൻ കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന കേസിലാണു സുബഹാനി വിചാരണ തടവുകാരനായി കഴിയുന്നത്.

യൂറോപ്യൻ അന്വേഷണ ഏജൻസി ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യം

കൊച്ചി∙ വിദേശരാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ അന്വേഷണ ഏജൻസി ഇന്ത്യയിലെ ഒരു തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമായാണ്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ഇരുകൂട്ടരും പുറത്തു വിട്ടിട്ടില്ല. രാജ്യാന്തര സുരക്ഷാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ലെന്നു കൊച്ചിയിലെ എൻഐഎ കേന്ദ്രങ്ങൾ പ്രതികരിച്ചു. എന്നാൽ ഇന്ത്യയിലെ ജയിൽ ചട്ടങ്ങൾ അനുസരിച്ചു വിയ്യൂർ സെൻട്രൽ ജയിലിലെ സന്ദർശക ഡയറിയിൽ ഇവരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉഭയകക്ഷി നിയമസഹകരണ ഉടമ്പടിയിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചതിനു ശേഷമുള്ള ഫ്രഞ്ച് പൊലീസിന്റെ ആദ്യ സന്ദർശനമാണിത്. കേസന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ പാരിസ് സന്ദർശിച്ചിരുന്നു. അന്നു കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണു ഫ്രഞ്ച് പൊലീസ് സുബഹാനിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. 130 പേർ കൊല്ലപ്പെട്ട 2015 ലെ പാരിസ് ഭീകരാക്രമണ കേസിന്റെ ഗൂഢാലോചനയും ഒരുക്കങ്ങളും സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ സുബഹാനിയിൽ നിന്നു ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.

related stories