Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ലക്ഷത്തിനു മേലുള്ള 10 കാറുകൾ വാങ്ങാൻ ധനാഭ്യർഥനയുമായി മന്ത്രി

government-of-kerala

തിരുവനന്തപുരം ∙ പ്രളയം സൃഷ്ടിച്ച സാമ്പത്തിക ആഘാതമൊന്നും സർക്കാരിന്റെ വാഹനം വാങ്ങൽ നയത്തിനു തടസമേയല്ല. 10 ലക്ഷത്തിനു മേൽ വിലയുള്ള 9 വാഹനങ്ങൾ പുതുതായി വാങ്ങാനും എൽബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാർ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനും ഉപധനാഭ്യർഥനയുമായി ധനമന്ത്രി നിയമസഭയിൽ.

പ്രളയാനന്തര കേരളം പുനർനിർമിക്കാൻ എല്ലാ വകുപ്പുകളുടെയും പദ്ധതിവിഹിതത്തിൽ 20% വെട്ടിച്ചുരുക്കുകയും ഡയറിയുടെ അച്ചടി വരെ ഉപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്യുമ്പോഴാണ് മറുവശത്ത് വീണ്ടും വീണ്ടുമുള്ള വാഹനം വാങ്ങൽ. കാറുകൾ പരമാവധി വാടകയ്ക്കെടുത്ത് ഉപയോഗിക്കണമെന്ന ധനവകുപ്പിന്റെ തന്നെ ഇൗ വർഷത്തെ സർക്കുലറും നിലവിലുണ്ട്.

കഴിഞ്ഞ സമ്മേളനത്തിൽ സമർപ്പിച്ച ഉപധനാഭ്യർഥനയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഡൽഹിയിൽ വാഹനം വാങ്ങുന്നെന്നു രേഖപ്പെടുത്തിയതിൽ അദ്ദേഹത്തിന്റെ ഓഫിസ് അതൃപ്തി അറിയിച്ചതിനാൽ ഇക്കുറി വാഹന വില അടക്കമുള്ള വിശദാംശങ്ങൾ ഉപധനാഭ്യർഥനയിൽ വ്യക്തമാക്കിയിട്ടില്ല. പകരം വാഹനം വാങ്ങാനായി പുറത്തിറക്കിയ ഉത്തരവുകളുടെ നമ്പർ മാത്രമാണ് ധനാഭ്യർഥനയിൽ ഉദ്ധരിച്ചത്.

പ്രിന്റിങ് ഡയറക്ടർ, ലോട്ടറി ഡയറക്ടർ, കെൽപാം, കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജ‍‍ഡ്ജ്, സഹകരണ ആർബിട്രേഷൻ കോടതി എന്നിവർക്കുവേണ്ടി ഓരോ വാഹനവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും ലോകായുക്ത അന്വേഷണ സംഘത്തിനും രണ്ടു വീതം വാഹനവുമാണ് വാങ്ങുന്നത്. ട്രൈബ്യൂണലിന് 14 ലക്ഷം രൂപ വിലയുള്ള വാഹനങ്ങൾ വാങ്ങും. എല്ലാ വാഹനങ്ങൾക്കും ടോക്കൺ തുകയാണ് ധനാഭ്യർഥനയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഉപധനാഭ്യർഥനയിൻമേലുള്ള നിയമസഭാ ചർച്ച 10നാണ്.