Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടുപന്നി ‘ഉപദ്രവകാരി’യല്ല; കൊല്ലാൻ അനുമതിയില്ല

Wild Boar

കൊച്ചി ∙ കാട്ടുപന്നിയെ ‘ഉപദ്രവകാരി’യായ വന്യമൃഗമായി പ്രഖ്യാപിച്ച്, കൊന്നൊടുക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകേണ്ടെന്നു സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം. വിളകൾക്കു നാശമുണ്ടാക്കുന്ന മേഖലകളിൽ കാട്ടുപന്നിയെ ‘ഉപദ്രവകാരി’യായി പ്രഖ്യാപിക്കണമെന്ന നിർദേശം കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗം ചർച്ച ചെയ്തിരുന്നു. വന്യജീവി നിയമത്തിന്റെ 3ാം പട്ടികയിൽ ഉൾപ്പെടെ കാട്ടുപന്നിയെ നിശ്ചിത കാലത്തേക്ക് 5ാം പട്ടികയിലേക്കു മാറ്റാനായിരുന്നു നിർദേശം. 1, 2 പട്ടികകളിൽ ഉൾപെടാത്ത വന്യമൃഗങ്ങളെ നിശ്ചിതകാലത്തേക്ക് ‘ഉപദ്രവകാരി’യായി പ്രഖ്യാപിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ട്.

പട്ടികമാറ്റം നടത്തിയാൽ, കൃഷിയിടങ്ങളിൽ നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ നാട്ടുകാർ കൊല്ലുന്നതു നിയമവിധേയമാകും. എന്നാൽ, നാശമുണ്ടാക്കാത്ത കാട്ടുപന്നികളെയും ഇതിന്റെ മറവിൽ വ്യാപകമായി വേട്ടയാടുമെന്ന വാദവുമായി വന്യജീവി ബോർഡിലെ ചില അംഗങ്ങൾ നിർദേശത്തെ എതിർത്തു. മാൻ ഉൾപ്പെടെ മറ്റു സംരക്ഷിത വന്യജീവികളെ വേട്ടയാടാനും അവയുടെ ഇറച്ചി കാട്ടുപന്നിയുടേതെന്ന പേരിൽ കടത്താനും സാധ്യതയുണ്ടെന്ന് അവർ വാദിച്ചു. ഇതു പരിഗണിച്ച്, പട്ടികമാറ്റം തൽക്കാലം വേണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ പഠനം നടത്താനുമാണു ബോർഡിന്റെ തീരുമാനം.

പ്രശ്നം പഠിക്കും

സംസ്ഥാനത്തു വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ വന്യജീവി ബോർഡ് ചുമതലപ്പെടുത്തി. 46 ലക്ഷം രൂപയാണു ചെലവ്. 2017–18 സാമ്പത്തിക വർഷത്തിൽ 36 പേരാണു വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിനാശം ഉൾപ്പെടെ 9.63 കോടി രൂപയാണു നഷ്ടപരിഹാരം നൽകിയത്. സൗരോർജ കമ്പിവേലി, ആന പ്രതിരോധ കിടങ്ങ്, ജൈവ വേലി തുടങ്ങിയവയ്ക്കായി കിഫ്ബിയിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.