Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീലിനെ ‘വിടാതെ’ മുഖ്യമന്ത്രിയും പ്രതിപക്ഷവും

K.T.Jaleel മന്ത്രി കെ.ടി.ജലീൽ.

തിരുവനന്തപുരം ∙ നാലു ദിവസത്തെ സ്തംഭനത്തിനുശേഷം സാധാരണനിലയിലേക്കു തിരിച്ചുവന്ന നിയമസഭ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ വീണ്ടും കലങ്ങിമറിഞ്ഞു. വിവാദത്തിൽ മൗനം പുലർത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിയെ ന്യായീകരിച്ച് ആദ്യമായി രംഗത്തുവന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനൊടുവിൽ അതു സഭാ ബഹിഷ്കരണത്തിലേക്കും നീണ്ടു.

സഭാകവാടത്തിൽ 3 എംഎൽഎമാരുടെ സത്യഗ്രഹം നടക്കുകയാണെങ്കിലും സുഗമമായ നടത്തിപ്പിനു പ്രതിപക്ഷം സഹകരിക്കുകയാണെന്ന് തുടക്കത്തിൽതന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതോടെ ശാന്തമായി നീങ്ങിയ ചോദ്യോത്തരവേള ജലീൽ മറുപടിക്കായി എഴുന്നേറ്റതോടെയാണു പ്രക്ഷുബ്ധമായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ബാനർ ഉയർത്തിയ പ്രതിപക്ഷം മറുപടി തടസ്സപ്പെടുത്തി. സഭയിൽ സംഘപരിവാറിന്റെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ആരോപിച്ചായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം.

ന്യൂനപക്ഷ ധനകാര്യവികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി അദീബിനെ ചട്ടം ലംഘിച്ചു നിയമിച്ച മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസ് ചർച്ചയിലാണ് നിയമനം മുഖ്യമന്ത്രി ന്യായീകരിച്ചതും സഭ പ്രക്ഷുബ്ധമായതും. കോൺഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനെത്തുടർന്ന് ലീഗ് നിയമസഭാകക്ഷി നേതാവ് എം.കെ. മുനീർ പ്രസംഗിച്ചു തീരാറായപ്പോൾ ലീഗ് അംഗങ്ങൾ ബാനറുമായി നടുത്തളത്തിലിറങ്ങി. തിരിച്ചെത്തിയ കോൺഗ്രസ് അംഗങ്ങളും ഒപ്പം കൂടി. ഈ സമയം ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ചിരുന്ന സിപിഎമ്മിലെ സജി ചെറിയാൻ പ്രസംഗം തുടർന്നതിൽ പ്രകോപിതനായ കോൺഗ്രസിലെ അൻവർ സാദത്ത് ഭരണബെഞ്ചിനടുത്തേക്കു നടന്നടുത്തതോടെ അവരും മുൻനിരയിലേക്കു കുതിച്ചു. പ്രതിപക്ഷത്തെ മറ്റുള്ളവർ സാദത്തിനെ പിന്തിരിപ്പിച്ചു. 

ജലീൽ വിവാദം പുറത്തുകൊണ്ടുവന്നതു യൂത്ത് ലീഗായതിനാൽ ആദ്യം പ്രതിപക്ഷം പൊതുവായ ബഹിഷ്കരണം പ്രഖ്യാപിച്ചാൽ എം.കെ മുനീറിനു സംസാരിക്കാൻ കഴിയില്ലെന്നു കണ്ടാണു കോൺഗ്രസിന്റെ ഇറങ്ങിപ്പോക്ക് ആദ്യം അറിയിച്ചത്. പ്രതിഷേധം കനത്തപ്പോൾ പ്രതിപക്ഷ ബഹിഷ്കരണം രമേശ് പ്രഖ്യാപിച്ചു. നിയമനം മുഖ്യമന്ത്രി ന്യായീകരിച്ചെങ്കിലും മന്ത്രി തന്നെ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചു നിയമന ഉത്തരവിൽ ഒപ്പിടുവിച്ചെന്നുമുള്ള മുരളീധരന്റെ ആരോപണത്തിനു വ്യക്തമായ മറുപടി ഉണ്ടായില്ല. മന്ത്രിയെ സഭയ്ക്കകത്തും പുറത്തും ബഹിഷ്കരിക്കുമെന്നും രമേശ് പിന്നീട് പ്രഖ്യാപിച്ചു. 

തെറ്റെന്നു തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം: ജലീൽ 

കഴിവും സേവനസന്നദ്ധതയും പരിഗണിച്ച് ഭരണനിർവഹണത്തിന്റെ ഭാഗമായി ഒരാളെ നിയമിച്ചതു മഹാപരാധമായി ചിത്രീകരിക്കുകയാണെന്ന് നിയമസഭയിൽ മന്ത്രി കെ.ടി. ജലീൽ. കടം വാങ്ങിയ 10 പൈസ പോലും ആർക്കും തിരികെ കൊടുക്കാനില്ല. തെറ്റ് ചെയ്തെന്നു തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം. 

ഇവിടെയിരിക്കുന്നവർക്ക് എംഎൽഎ ആയും മന്ത്രിയായും എന്നെയറിയാമല്ലോ. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യത്തിന് ഇക്കാലയളവിൽ ഞാൻ തുനിഞ്ഞുവെന്നു നെഞ്ചത്തു കൈവച്ചു പറയാമോ? ഭാര്യയുടെ നിയമനത്തിനു വരെ ഇതിനിടെ പഴികേട്ടു. ചാരക്കഥയുടെ പേരിൽ വ്യക്തിഹത്യയ്ക്ക് ഇരയായ കെ. കരുണാകരന്റെ മകൻ മുരളീധരൻ തന്നെ ഈ വക്കാലത്ത് ഏറ്റെടുത്തതു നിർഭാഗ്യകരമായി– ജലീൽ പറഞ്ഞു.  

related stories