Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിലിന് എൽഡിഎഫ് പിന്തുണ

LDF

തിരുവനന്തപുരം∙ സർക്കാർ നിർദേശിച്ച വനിതാ മതിൽ വിജയിപ്പിക്കാനുള്ള രാഷ്ട്രീയ–സംഘടനാ പിന്തുണ നൽകാൻ ഇടതുമുന്നണി നേതൃയോഗം തീരുമാനിച്ചു. മുന്നണി ഘടകകക്ഷികളുടെ മഹിളാ സംഘടനകളുടെ യോഗം നാളെ വിളിച്ചുചേർക്കുമെന്നു കൺവീനർ എ.വിജയരാഘവൻ അറിയിച്ചു. ജില്ലാതലങ്ങളിൽ എൽഡിഎഫ് യോഗങ്ങൾ എട്ടിനുചേരും. 

15നു മുമ്പായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്തടിസ്ഥാനത്തിലും ബൂത്തുതലം വരെയും സംഘാടകസമിതികൾ രൂപീകരിക്കും. പഞ്ചായത്തുകൾ തോറും വനിതകളുടെ കാൽനട ജാഥ നടത്തും. ബൂത്തടിസ്ഥാനത്തിൽ വനിതകളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിയും ഉണ്ടാകും.

വനിതാമതിൽ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ടല്ലെന്നും എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമാണെന്നുമുള്ള ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തെപ്പറ്റി ചോദിച്ചപ്പോൾ ‘വ്യക്തിപരമായ അഭിപ്രായം പറയുന്നതിലെന്താണു തെറ്റെന്നാ’യിരുന്നു വിജയരാഘവന്റെ പ്രതികരണം. സമൂഹത്തെ വർഗീയമായി വേർതിരിക്കാനും ഭിന്നിപ്പിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ നിലകൊള്ളാൻ ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുറത്തു സഹകരിച്ചു നിൽക്കുന്ന കക്ഷികളിൽ ചിലതിനെ ഉൾപ്പെടുത്തി എൽഡിഎഫ് വിപുലീകരിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം 26നു ചേരുന്ന എൽഡിഎഫ് യോഗം എടുക്കും. ഏതൊക്കെ കക്ഷികളെ പുതുതായി ഉൾപ്പെടുത്തണമെന്നതിൽ ഘടകകക്ഷികളോടു നേതൃത്വം അഭിപ്രായമാരാഞ്ഞിരുന്നു. അത് 26നു മുമ്പ് ലഭ്യമാക്കണമെന്നു യോഗത്തിൽ നിർദ്ദേശം നൽകി. ഐഎൻഎൽ, ലോക്‌താന്ത്രിക് ജനതാദൾ, ഒരു കേരളകോൺഗ്രസ് വിഭാഗം എന്നിവ പുതിയ കക്ഷികളാകാനാണു സാധ്യത.