Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണമോ, വാൽസല്യമോ; വീണ്ടും ചില മാധ്യമചിന്തകൾ

Kerala Legislative Assembly

പിആർഡിക്കു പുതിയൊരു പൂർണരൂപം നൽകിയത് എം.കെ.മുനീറാണ് – പിണറായിയെ രസിപ്പിക്കുന്ന ഡിപ്പാർട്മെന്റ്. പിആർഡി പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റായി തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറപ്പെടുവിച്ച മാധ്യമനിയന്ത്രണ സർക്കുലറിനെക്കുറിച്ച് കെ.സി. ജോസഫ് നൽകിയ അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കുമ്പോൾ വിചിത്രമായ പല വാദങ്ങളും ഉയർന്നു.

‘സർക്കുലർ കേസി’ലെ ഫസ്റ്റ് അക്യൂസ്ഡ് മുഖ്യമന്ത്രിയാണെന്ന് കെ.സി.ജോസഫ്. നരേന്ദ്ര മോദിയുടെ കേരള പതിപ്പാണത്രെ അദ്ദേഹം. അടുത്തതായി കെസി കടന്നത് മുഖ്യമന്ത്രിയും ഇ.പി. ജയരാജനും തമ്മിലുള്ള താരതമ്യത്തിലേക്കാണ്. ജയരാജൻ നല്ല മനുഷ്യനാണ്; അദ്ദേഹം സംസാരിക്കും, ചിരിക്കും. മുഖ്യമന്ത്രി സംസാരിക്കില്ല. അദ്ദേഹത്തിനു ചുറ്റും സ്തുതിപാഠകരാണ്.

മാധ്യമനിയന്ത്രണമല്ല, മാധ്യമക്രമീകരണമാണ് സർക്കുലറിന്റെ ലക്ഷ്യമെന്നായി മന്ത്രി ഇ.പി. ജയരാജൻ. എല്ലാ മാധ്യമങ്ങൾക്കും തുല്യമായി വാർത്ത ലഭിക്കണമെന്നാണത്രെ സർക്കാരിന്റെ ആഗ്രഹം. അതിനു വേണ്ടിയുള്ള ചില്ലറ അഡ്ജസ്റ്റ്മെന്റ്. അതിലപ്പുറം ഒന്നും തന്നെയില്ല. അങ്ങനെയെങ്കിൽ അതിനെ മാധ്യമമാരണ സർക്കുലർ എന്നല്ല, മാധ്യമ തുല്യതാ സർക്കുലർ എന്നുവേണം വിളിക്കാൻ.

ഇടതുപക്ഷത്തെ വിമർശിക്കുന്നവരോട് തങ്ങൾക്കു വലിയ വാൽസല്യവും സ്നേഹവും മാത്രമേ ഉള്ളൂവെന്നും ജയരാജൻ പറഞ്ഞപ്പോൾ, കെ.സി. ജോസഫ് അദ്ദേഹത്തെക്കുറിച്ചു നടത്തിയ വിലയിരുത്തൽ സത്യമാണെന്നു തെളിഞ്ഞു. ജയരാജന്റെ വിശദീകരണം കേട്ടപ്പോൾ മല പോലെ വന്നത് എലി പോലെയായി. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഗതി ഏറ്റുപിടിച്ചതോടെ എലി വീണ്ടും മലയായി. പ്രതിപക്ഷ നേതാക്കൾക്കു പത്രസമ്മേളനം നടത്താൻ സർക്കാരിന്റെ സൗകര്യവും സ്വാതന്ത്ര്യവും വേണ്ടെന്നു രമേശ് പറഞ്ഞു.

കോടതിവിധികൾ മറികടക്കാൻ നിയമനിർമാണം നടത്തുന്നതിന്റെ അനൗചിത്യം പൊലീസ് ഭേദഗതി ബിൽ അവതരണവേളയിൽ കെ.എം. മാണി ചൂണ്ടിക്കാട്ടി. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടിക്കാൻ ചെരിപ്പു കെട്ടിത്തൂക്കിയതും സംശയമുള്ളവരെക്കൊണ്ടു പച്ചമാങ്ങ കടിപ്പിച്ചതുമെല്ലാം എ.എൻ. ഷംസീർ ഓർമിപ്പിച്ചു.

ഒരുകാലത്തു പിണറായിക്കു രാജ്യദ്രോഹിയായിരുന്ന രമൺ ശ്രീവാസ്തവ എങ്ങനെയാണ് അദ്ദേഹത്തിന്റെ പൊലീസ് ഉപദേഷ്ടാവായത് എന്നതിന്റെ രഹസ്യം ചികഞ്ഞത് അടൂർ പ്രകാശാണ്. രാജ്യദ്രോഹി എങ്ങനെ പുണ്യാളനായി എന്നുകൂടി അദ്ദേഹത്തിന് അറിഞ്ഞാൽ കൊള്ളാം. കൊള്ളക്കാരനും പിടിച്ചുപറിക്കാരനുമായ രത്നാകരനെന്ന കാട്ടാളൻ രാമായണകാവ്യമെഴുതിയ വാല്‌മീകി മഹർഷിയായ കഥയൊന്നും അടൂർ പ്രകാശ് കേട്ടിട്ടില്ലെന്നു തോന്നുന്നു.

ഇന്നത്തെ വാചകം

'ലോകത്തിലെ പല രാജ്യങ്ങളിലും മനുഷ്യർക്കുവേണ്ടി മൃഗങ്ങളെ കൊല്ലുമ്പോൾ മൃഗങ്ങൾക്കുവേണ്ടി മനുഷ്യരെ കൊല്ലുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.' - എ.എൻ. ഷംസീർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.